കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി നീളുന്നു. 14.5 ഏക്കർ ഭൂമിയാണ് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ദീർഘിപ്പിക്കുന്നതിന് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടത്. തുടക്കത്തിൽ ഇതിനോട് അനുകൂലമായി പ്രതികരിച്ച സംസ്ഥാന സർക്കാർ ഇപ്പോൾ തണുപ്പൻ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ, ഭൂമിയേറ്റെടുക്കൽ നടപടികൾ പാതിവഴിയിലായി.
തുടർനടപടികൾ വേഗത്തിലാക്കണമെങ്കിൽ 50 ലക്ഷം രൂപ ഗതാഗതവകുപ്പ് റവന്യൂ വകുപ്പിന് കൈമാറണം. സർവേ നടത്തുന്നതിനും പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനുമാണ് പണം ആവശ്യമുള്ളത്. വിഷയത്തിൽ ഇതുവരെ സർക്കാർ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ഡിസംബറിനകം ഭൂമി കൈമാറുമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയത്. തുക വേഗത്തിൽ കൈമാറിയാൽ മാത്രമേ സർവേയും മറ്റു നടപടികളും പൂർത്തീകരിച്ച് സമയത്തിന് ഭൂമി വിമാനത്താവള അതോറിറ്റിക്ക് നൽകാൻ സാധിക്കുകയുള്ളൂ.
സുരക്ഷ നടപടികളുടെ ഭാഗമായി റെസ ഇരുവശത്തും 90 മീറ്ററിൽ നിന്ന് 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശം. റൺവേ നീളം കുറച്ച് റെസ ദീർഘിപ്പിക്കാനായിരുന്നു നേരത്തേ കേന്ദ്രം തീരുമാനിച്ചത്. ഇതോടെ 2860 മീറ്റർ നീളമുള്ള റൺവേ 2540 മീറ്ററായി ചുരുങ്ങും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനത്തിൽനിന്ന് കേന്ദ്രം താൽക്കാലികമായി പിന്നാക്കംപോയത്. തുടർന്നാണ് ഭൂമി ഏറ്റെടുത്ത് നൽകാൻ ആവശ്യപ്പെട്ടത്. റെസ ദീർഘിപ്പിക്കുന്നതോടെ നിലവിലുള്ള 2860 മീറ്റർ റൺവേ പൂർണമായി ഉപയോഗിക്കാനാകും. ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയിൽ 320 മീറ്റർ കുറച്ച് റെസ നിർമിക്കുമെന്നായിരുന്നു അതോറിറ്റി അറിയിച്ചത്. റൺവേ നീളം കുറച്ചാൽ കരിപ്പൂരിന്‍റെ ഭാവിതന്നെ പ്രതിസന്ധിയിലാകും.