ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാഹ ചടങ്ങിൽ നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിയുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ വൈറൽ. ധർവാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ശിവശങ്കർ ഹംപാനാവർ എന്ന നേതാവാണ് നോട്ടുകൾ നർത്തകിക്ക് നേരെ വാരിയെറിഞ്ഞത്. കന്നഡ ഗാനത്തിന് ചുവടുവെക്കുന്ന നർത്തകിക്കൊപ്പം നേതാവും നൃത്തം ചെയ്തു. ഇദ്ദേഹത്തിന്റെ അനുയായികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കോൺഗ്രസിന്റെ സംസ്കാരമാണ് നേതാവിലൂടെ പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.
ഇത് ലജ്ജാകരമാണെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം എറിയുന്നു. പണത്തിന്റെ വില ഇവർക്ക് അറിയില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിന്റെ സംസ്കാരം എന്താണെന്ന് കാണിക്കുന്നു, സംഭവത്തെ അപലപിക്കുന്നുവെന്നും കോൺഗ്രസ് ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വക്താവ് രവി നായികും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. ഇയാൾ പെൺകുട്ടികൾക്ക് എന്ത് ബഹുമാനമാണ് നൽകുന്നത്. ക ല്യാണസ്ഥലത്ത് പെൺകുട്ടികൾക്ക് നേരെ പണം എറിയുന്ന സംസ്കാരമാണ് കോൺഗ്രസിന്. ഇക്കാര്യം കോൺഗ്രസിന് മാത്രമേ വിശദീകരിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ഇങ്ങനെ പെരുമാറുന്നത് തീർത്തും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തകൻ യുവതിയോട് ഉടൻ മാപ്പ് പറയണമെന്നും സംഭവം സ്ത്രീകളോടുള്ള തികച്ചും അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.