എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്ക് റെബ്കോയിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചാണ് ഇഡി വിവരങ്ങൾ തേടുന്നത്. റബ്കോയിൽ നിന്ന് ചില രേഖകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ റെബ്കോയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഹരിദാസൻ നമ്പ്യാരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. അതേസമയം കേസിലെ പ്രതികളായ സിപിഐഎം കൗൺസിലർ പിആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. കലൂരിലെ പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുക. കരുവന്നൂർ പ്രതികളെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. പിആർ അരവിന്ദാക്ഷനെയും സികെ ജിൽസിനെയുമാണ് കലൂർ പിഎംഎൽഎ കോടതി റിമാൻഡ് ചെയ്തത്.