തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഡിസംബര്‍ 31 വരെ കാലാവധി പൂര്‍ത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതില്‍ ഒരുകോടി രൂപ പോലും തിരികെ നല്‍കാനായിട്ടില്ല. 2900 കുടുംബങ്ങളുടേതായിരുന്നു ഈ നിക്ഷേപം.
കല്യാണവും കാതുകുത്തും മുതല്‍ ചികിത്സയും ഉന്നതപഠനവും വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചവര്‍ക്ക് തിരിച്ചുകിട്ടാനുള്ളത് 312.71 കോടി രൂപയാണ്. ഇതില്‍ 7000 കുടുംബങ്ങളില്‍നിന്നായി 283.56 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ബാങ്ക് നല്‍കിയ വായ്പ 381.45 കോടിയുടേതാണ്. എന്നാല്‍, ഇതില്‍ 219.33 കോടിയും തട്ടിപ്പാണെന്ന് സഹകരണവകുപ്പ് നിയമിച്ച ഒന്‍പതംഗസമിതി കണ്ടെത്തിയിരുന്നു. അതിനാല്‍ തിരികെ കിട്ടുക പ്രയാസമാകും.
ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അഞ്ച് ശുപാര്‍ശകള്‍ പ്രത്യേകസമിതി മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും സര്‍ക്കാരും സഹകരണവകുപ്പും അംഗീകരിച്ചില്ല. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും ബാങ്ക് പുനരുജ്ജീവനത്തിനുമായി 108 കോടിയുടെ പ്രത്യക്ഷപദ്ധതിയും രണ്ട് പരോക്ഷപദ്ധതികളുമാണ് സമിതി മുന്നോട്ടുവെച്ചത്.
ശുപാര്‍ശകള്‍ ഇവയായിരുന്നു: ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമില്‍നിന്ന് 50 കോടി രൂപ ബാങ്കിന് അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണം.
കണ്‍സോര്‍ഷ്യം ലെന്‍ഡിങ് പദ്ധതിപ്രകാരം ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് 50 കോടി രൂപ സ്വരൂപിച്ച് ബാങ്കിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. റബ്‌കോയില്‍ ബാങ്ക് നിക്ഷേപിച്ചിരിക്കുന്ന എട്ടുകോടി രൂപ തിരികെ വാങ്ങി ഉപയോഗിക്കണം. ബാങ്കിന്റെ നോണ്‍ ബാങ്കിങ് ആസ്തി വിറ്റഴിച്ച് പണമുണ്ടാക്കണം. ബാങ്കിന്റെ ഉപയോഗിക്കാത്ത ആസ്തി വിറ്റഴിച്ചും പണം സ്വരൂപിക്കണം.