കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇവ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളാണെന്ന് ഇഡി പറഞ്ഞു. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീെൻറ നിർദേശപ്രകാരമെന്ന് ഇ.ഡി പറയുന്നു. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ല തല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ മൊയ്തീന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെ തുടങ്ങിയ പരിശോധന 22 മണിക്കൂർ പിന്നിട്ട് ബുധനാഴ്ച പുലര്‍ച്ച 5.10നാണ് അവസാനിച്ചത്. ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെയാണ് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചത്. മച്ചാട് പരസ്പര സഹായ സഹകരണ സംഘം, യൂനിയൻ ബാങ്ക് എന്നിവയിലെ സ്ഥിരനിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന മൂന്നുപേരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് വിവിധ സഹകരണ ബാങ്കുകളിൽ അമ്പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25ഓളം അക്കൗണ്ടും ഉണ്ട്. ഇത്രയേറെ അക്കൗണ്ടുകള്‍ ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം. ഇവരുമായി മൊയ്തീൻ നിരന്തരം ബന്ധപ്പെട്ടുവെന്നാണ് കണ്ടെത്തൽ. മൊയ്തീന്റെ വീടിന് പുറമെ ചേർപ്പിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍ സേഠ്, കോലഴിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവര്‍ മൊയ്തീന്റെ ബിനാമികളാണെന്നാണ് ഇ.ഡി സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്നും പറയുന്നു. ഇവരുടെ പക്കല്‍നിന്ന് നിര്‍ണായകമായ പല രേഖകളും നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യംചെയ്യാൻ മൊയ്തീനെ നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഇക്കാര്യം ഇ.ഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മൊയ്തീന്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ബാങ്ക് തട്ടിപ്പിൽ 18 പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെയും രജിസ്ട്രാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം. ക്രമക്കേടുകള്‍ നടത്താൻ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രണ്ട് രജിസ്റ്ററുകള്‍ സൂക്ഷിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയതായി പറയുന്നു. മുന്‍ മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്.ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കിൽ പെടാത്തതാണെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടി രൂപയോളം വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും മൊയ്തീന് നോട്ടീസ് നല്‍കുക. ഒരു സഹകരണ രജിസ്ട്രാറാണ് മൊയ്തീനെതിരെ മൊഴി നല്‍കിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നതായും അത് തടയണമെന്നും സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടും മൊയ്തീൻ ഇടപെടാത്തത് വായ്പ ക്രമക്കേടിൽ മൊയ്തീന് പങ്കുള്ളതിനാലാകാം എന്നാണ് ഇ.ഡിയുടെ നിഗമനം.
പരിശോധന സംശയ നിഴലിൽ നിർത്താൻ -എ.സി. മൊയ്തീൻ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം വീട്ടിൽ പരിശോധനക്ക് എത്തിയതെന്ന് എ.സി. മൊയ്തീൻ എം.എൽ.എ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചു. ‘തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് പരിശോധനയെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘22 മണിക്കൂർ മാധ്യമങ്ങൾ തന്റെ വീടിന് മുന്നിൽ കാത്തുനിന്നില്ലേ, അത് തന്നെയായിരുന്നു അജണ്ടയെന്ന് വേണം കരുതാൻ’ -അദ്ദേഹം പ്രതികരിച്ചു. താൻ ആർക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തുവെന്ന് ഇരിങ്ങാലക്കുടയിലെ ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പറഞ്ഞത്. അക്കാലത്ത് ജില്ല സെക്രട്ടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ട് നിൽക്കേണ്ട സാഹചര്യമില്ല. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണ സംഘം അരിച്ചുപെറുക്കി. വീടിന്റെ പ്രമാണം, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എന്നിവയെല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫിസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന നടത്തിയതിന്റെ സ്റ്റേറ്റ്മെന്റ് തന്നാണ് മടങ്ങിയതെന്നും മൊയ്തീന് പറഞ്ഞു. അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് എ.സി. മൊയ്തീൻ എം.എൽ.എയുടെ വീട്ടിലെ റെയ്ഡെന്ന് സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.