സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ. തന്നിലെ നടനെ കണ്ടെത്തി സിനിമാ ലോകത്തേക്ക് കൊണ്ടുവന്ന മഹാപ്രതിഭയായിരുന്നു അദ്ദേഹം. പരാതികൾ ഇല്ലാത്ത എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന വലിയൊരു വ്യക്തിത്വമാണ് വിട പറഞ്ഞിരിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സംവിധായകന്മാരിൽ ഒരാളാണ് കെ.ജി ജോർജ്. സത്യജിത് റേ പോലെയുള്ള സംവിധായകന്മാർക്കൊപ്പം ചേർത്തുവയ്ക്കാൻ കഴിയുന്ന വ്യക്തി. സിനിമകളിലെ വിഷയങ്ങളുടെ വ്യത്യസ്തതയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ‘യവനിക’ എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ സ്ക്രിപ്റ്റാണ്. തിരക്കഥ എങ്ങനെ എഴുതണമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾ കണ്ട് പഠിക്കേണ്ട ഒന്നാണ് യവനികയുടെ തിരക്കഥ എന്നും ഗണേഷ് കുമാർ പറഞ്ഞു.
കാലത്തിനു മുൻപേ സഞ്ചരിച്ച സംവിധായകനായിരുന്നു അദ്ദേഹം. കാലത്തിനപ്പുറം വിപ്ലവകരമായ ആശയങ്ങൾ ചിന്തിക്കുന്ന വ്യക്തി. തിലകൻ, രതീഷ്, വേണുനാഗവള്ളി ഉൾപ്പെടെയുള്ള മഹാനടന്മാർക്ക് ഏറ്റവും നല്ല വേഷങ്ങൾ നൽകിയത് അദ്ദേഹമാണ്. മമ്മൂട്ടി എന്ന മഹാനടന് നായക പരിവേഷം നൽകിയത് ജോർജ് ആയിരുന്നു. അദ്ദേഹത്തിൻറെ ‘മേള’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി നായകനാകുന്നത്. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹത്തിന്റെ വേർപാട് ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.