കരിമണ്ണൂർ/തൊടുപുഴ: പഞ്ചായത്തിലെ ചാലാശേരി പ്രദേശത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി പന്നികളെ കൊന്നുതുടങ്ങി. വെള്ളി രാവിലെ മുതൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. വൈകിട്ടോടെ നൂറിലധികം പന്നികളെ കൊന്ന് കുഴിച്ചിട്ടെന്ന് അധികൃതർ പറഞ്ഞു. കരിമണ്ണൂർ പഞ്ചായത്തിലെ മൂന്ന്, ഇടവെട്ടി, ആലേക്കോട് പഞ്ചായത്തുകളിലെ ഓരോ ഫാമുകളിലേയും പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത്. മരുന്ന് കുത്തിവച്ച് കൊന്നശേഷം ഭാരം നോക്കും. ശേഷം അവിടെത്തന്നെ 10 അടി താഴ്‍ചയിൽ കുഴിയെടുത്ത് സംസ്‍കരിക്കും. പന്നികളെ കൊല്ലുന്നത് രാത്രിയും തുടരുമെന്ന് അധികൃതർ പറഞ്ഞു. തൊടുപുഴ തഹസീൽദാരുടെ സാന്നിധ്യത്തിലാണ് നടപടി.
പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രദേശങ്ങളിൽനിന്ന് മൃഗങ്ങളെ ഇങ്ങോട്ടു കൊണ്ടുവരുന്നതും ഇവിടെനിന്ന് കൊണ്ടുപോകുന്നതും നിരോധിച്ചു. ആഫ്രിക്കൻ പന്നിപ്പനി പന്നികൾക്ക് അതിമാരകമാണ്. എന്നാൽ മനുഷ്യരിലേക്ക് പടരില്ല. രോഗം ബാധിച്ചിടങ്ങളിൽ സന്ദർശന വിലക്കുണ്ട്. 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയാണ്. കർഷകർക്ക് നഷ്‍ടപരിഹാരം നൽകും.