തൃശൂര്‍: വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് മിഠായികളെത്തിച്ച് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് കഞ്ചാവ് മിഠായി വില്‍പ്പന നടത്തുന്നത്. മിഠായി എന്നു തെറ്റിദ്ധരിക്കുന്നതിനാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന കണക്കുകൂട്ടലിലാണ് ഇവ വ്യാപകമായി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് എത്തിക്കുന്നത്. ജില്ലയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായിയുമായി അന്യ സംസ്ഥാന വില്‍പ്പനക്കാരനെയാണ് ഒല്ലൂരില്‍ പൊലീസ് പിടികൂടിയത്. യു പി സ്വദേശി രാജു സോന്‍ങ്കറാണ് പിടിയിലായത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികളുമായി ഇയാള്‍ അറസ്റ്റിലായത്.
സംസ്ഥാനമൊട്ടാകെ ഇത്തരം ലഹരി മിഠായികളെത്തിക്കുന്നുണ്ടെന്നാണ് വിവരം. ട്രെയിന്‍ മാര്‍ഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ഇവ എത്തിയത്. ഇത്തരം മിഠായികള്‍ സ്‌കൂളുകള്‍ക്കരികിലുള്ള പെട്ടിക്കടകളും മറ്റും വഴിയാണ് വില്‍പ്പന നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒരുതവണ കഴിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഇതിനോട് ആസക്തി തോന്നാനിടയുണ്ടെന്ന് പൊലീസ് പറയുന്നു. ച്യുയിംഗത്തിന്റെ രൂപത്തിലും കഞ്ചാവ് മിഠായികളെത്തുന്നുണ്ട്. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയതായി പൊലീസ് അറിയിച്ചു.