തിരുവനന്തപുരം> സമാധാനപരമായി ജീവിക്കാവുന്ന ഇടമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനക്കൂട്ടങ്ങൾക്കുനേരെ പൊലീസ് വെടിവയ്‌പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറി. രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തിൽ സമാധാനത്തിന്റെ തുരുത്താണ് കേരളമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഴിമതി പൂർണമായും ഇല്ലാതാക്കാൻ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്തി ലിസ്‌റ്റ് തയ്യാറാക്കി യോഗ്യരായവരെ വിജിലൻസിലേക്ക് തെരഞ്ഞെടുക്കും. ഇവർ നിശ്ചിത കാലയളവിൽ വിജിലൻസിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും തടയും. 2021 ൽ 30 ട്രാപ്പ് കേസുകളും 2022 ൽ 47 കേസും രജിസ്റ്റർ ചെയ്‌തു. ഈവർഷം രണ്ടുമാസത്തിനുള്ളിൽ പത്തു കേസ് രജിസ്റ്റർ ചെയ്‌തു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞവർഷം 13 മിന്നൽ പരിശോധന നടത്തി.
ഗുണ്ടകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് കൈക്കൊള്ളുന്നത്. 349 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലച്ചു. ഗുണ്ടാനിയമപ്രകാരം 387 പേരെ നാടുകടത്തി. ഈ സർക്കാർ വന്നശേഷം പോക്‌സോ കേസുകളിലെ 863 പ്രതികളെ ശിക്ഷിച്ചു. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസ് കൈകാര്യംചെയ്യാൻ തൃശൂരും തിരുവനന്തപുരത്തും കോടതി ആരംഭിച്ചു.
വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനവുമുള്ളവരാണ് പൊലീസ് സേനയിലുള്ളത്. അതിനാൽ സാമ്പത്തിക, ഐടി തട്ടിപ്പ് കേസുകളുൾപ്പെടെ വേഗത്തിൽ കണ്ടെത്താനാകുന്നുണ്ട്. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായി മാറി. മറ്റ് പ്രവണതകൾ അംഗീകരിക്കില്ല. സ്ത്രീ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് നടപ്പാക്കിയത്. 2012 ൽ വാഹനാപകട നിരക്ക് ലക്ഷത്തിന് 527 ആയിരുന്നത് 2022 ൽ ലക്ഷത്തിന് 279 ആയി കുറയ്‌ക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.