തിരുവനന്തപുരം∙ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.
സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി. മൂന്നു ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണിത്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകളിൽ ഉള്ളത് ഒരാവർത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.
കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചിട്ടില്ല. മൂലധന ചെലവിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത വായ്പ ഈ വർഷവും തുടരുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിൽ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. ഇത് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങൾക്കനുസൃതമല്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക അസമത്വങ്ങൾ വർധിച്ചുവരുന്നതായി വിദഗ്ധരുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുടെമേൽ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികൾ ഒന്നുംതന്നെ കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ല.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം 89,400 കോടി രൂപയാണ്. 2023-24 ൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതത്തിൽ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്. ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 2021-22 ൽ 15097.44 കോടി രൂപ ചെലവിട്ടിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 11,868.63 കോടിയായി കുറഞ്ഞിട്ടുണ്ട്. 2023-24 ലെ ബജറ്റ് വകയിരുത്തിൽ ഇത് 8820 കോടി രൂപയായി കുറഞ്ഞു.
നാഷനൽ ഹെൽത്ത് മിഷനുവേണ്ടി 2021-22 ൽ 27,447.56 കോടി രൂപ ചെലവിട്ടു. 2022-23 ലെ പുതുക്കിയ കണക്കുകളിൽ ഇത് 28,974.29 കോടി രൂപയാണ്. 2023-24 ലെ ബജറ്റ് അനുമാനത്തിൽ ഇത് 29,085.26 കോടി രൂപയാണ്. കേവലം 0.42 ശതമാനത്തിന്റെ നാമമാത്രമായ വർധന. ആരോഗ്യമേഖലയോട് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങളാണിത്.
കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും. കേരളത്തിന്റെ റെയിൽവേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിൽ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.