തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചയോടെ സ്വര്‍ണ വില കുറഞ്ഞു. സ്വർണ വില പവന് 720 രൂപ കുറഞ്ഞു. ഇന്നു രാവിലെ 130 രൂപ ഗ്രാമിനും 1,040 രൂപ പവനും ഉയർന്ന ശേഷമാണ് ഉച്ചയോടെ വില കുറഞ്ഞത്. ഗ്രാമിന് 90 രൂപയാണു കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 39,840 രൂപയും ഗ്രാമിന്റെ വില 4980 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്വർണ വില 2,040 ഡോളറിന്റെ പരിസരത്തേക്കു കുറഞ്ഞതും രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ വർധന ഉണ്ടായതുമാണ് വില കുറയാൻ കാരണം. കൂടാതെ ഓഹരി വിപണികൾ ശക്തമായ തിരിച്ചുവരവു നടത്തിയതും സ്വർണത്തിന്റെ തിളക്കം കുറച്ചു.
സെൻസെക്സ് 1,350 പോയിന്റും നിഫ്റ്റി 350 പോയിന്റും ഉയർന്നു. സ്വർണ വില വലിയ തോതിൽ വർധിച്ചതിനെത്തുടർന്ന് ഉപയോക്താക്കൾ വിപണിയിൽ നിന്നു വിട്ടു നിൽക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതും വില കുറയ്ക്കാൻ കാരണമായി.