വാഹനങ്ങളുടെ മോഡിഫിക്കേഷൻ എന്നും നമ്മുക്കൊരു വിവാദ വിഷയമാണ്. മേഡിഫിക്കേഷനെ അനുകൂലിക്കുന്നവരും അതിനെ ശക്തമായി എതിർക്കുന്ന മോട്ടോർ വാഹനവകുപ്പും തമ്മിൽ സോഷ്യൽമീഡിയയിൽ അടക്കം പൊരിഞ്ഞ പോരും പതിവാണ്. സർക്കാർ നിയോഗിച്ച പഠന സമിതിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് അനധികൃതമായി ചെയ്യുന്ന മോഡിഫിക്കേഷനാണ് വാഹനങ്ങളിൽ തീപിടിക്കാൻ പ്രധാന കാരണം.
മോഡിഫിക്കേഷൻ വില്ലനാകുന്നതെങ്ങിനെ?
പലരും ചെയ്യുന്ന ഒരു കാര്യമാണ് ഏതൊരു വാഹനത്തിൻ്റേയും ബേസ് മോഡൽ വാങ്ങിയതിന് ശേഷം അതിൽ മോഡിഫിക്കേഷൻ നടത്തി ടോപ്പ് വേരിയൻ്റ് ആക്കുക, അത് പോലെ തന്നെ കമ്പനി നിഷ്കർഷിച്ചിട്ടുളള ശേഷിയിൽ കൂടുതൽ വാട്സ് ഉപയോഗിച്ച് വാഹനത്തിൻ്റെ ലൈറ്റും ഹോണും മാറ്റി സ്ഥാപിക്കുക എന്നതൊക്കെ.
നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിൽ ഇത്തരം ജോലികൾ ചെയ്യുന്നതെങ്ങനെയെന്ന് നോക്കിയാൽ വാഹനത്തിൽ കമ്പനി നൽകിയിട്ടുള്ള സർക്യൂട്ടുകളും കേബിളുകളും മുറിച്ച ശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം ആൾട്ടറേഷൻ നടത്തുന്നത്. വലിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിലാണ് വർക്‌ഷോപ്പുകളിൽ നിന്ന് ഘടിപ്പിക്കുന്ന ഗുണനിലവാരമില്ലാത്ത വയറുകളിൽ തീപിടിക്കുന്നതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്നവർ തങ്ങളുടെ വീട്ടിലെ വാഹനം ഉപയോഗിക്കാതെ കുറേനാൾ കിടന്ന ശേഷം അവർ ലീവിന് നാട്ടിലെത്തുമ്പോഴായിരിക്കും അത് ഒന്ന് സ്റ്റാർട്ട് ചെയ്യുന്നത് പോലും. അത്തരം പ്രവർത്തികൾ ഒഴിവാക്കണമെന്നും സമിതിയുടെ കണ്ടെത്തലിൽ പറയുന്നുണ്ട്. എലിയും വണ്ടും വാഹനങ്ങളുടെ ഇലക്ട്രിക് സർക്യൂട്ടുകൾ മുറിച്ചിടുന്നതും തീപിടിത്തതിനു കാരണമാകുന്നുണ്ട് എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഷോര്‍ട് സര്‍ക്യൂട്ടിനെ സൂക്ഷിക്കുക
ഷോര്‍ട് സര്‍ക്യൂട്ടാണ് പല സന്ദര്‍ഭങ്ങളിലും വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള പ്രധാന കാരണം. ഷോര്‍ട് സര്‍ക്യൂട്ട് ആകുന്നതിന് മുമ്പ് തന്നെ വാഹനത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ‘ഫ്യൂസ്’ എരിഞ്ഞ് തീരുകയാണ്. ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം മനസ്സിലാക്കി അറ്റകുറ്റപ്പണി ചെയ്യുന്നതിന് പകരം പലരും ഫ്യൂസ് മാറ്റി വണ്ടി തുടര്‍ന്നും ഓടിക്കാന്‍ തുടങ്ങും.
ഇത് പലപ്പോഴും ഷോര്‍ട് സര്‍ക്യൂട്ടിലേക്ക് നയിക്കുന്നു. സീല്‍ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകാം. വാഹനത്തിന്റെ സുപ്രധാനമായ വയറിംഗ് പോലുള്ള കാര്യങ്ങളില്‍ പണിവരുമ്പോള്‍ അംഗീകൃത സര്‍വീസ് സെന്ററിലോ വിദഗ്ധരായ മെക്കാനിക്കുകളെയോ സമീപിക്കുക. വാഹനങ്ങളിലായാലും സ്വന്തം ശരീരത്തിലായാലും സ്വയം ചികിത്സ നന്നല്ല.
വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ
ഇന്ധന ചോര്‍ച്ചയാണ് വാഹനങ്ങളില്‍ തീപിടിക്കാനുള്ള ഒരു കാരണം. കാലപ്പഴക്കം മൂലമോ അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണമോ ഫ്യുവല്‍ ലൈനില്‍ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. നമ്മളുടെ വാഹനങ്ങള്‍ ഏറെ നാള്‍ ഉപയോഗിക്കാതെ ഇട്ടാല്‍ എലിയെപ്പോലുള്ള ജീവികള്‍ ഇത് കടിച്ച് നശിപ്പിക്കാനും തല്‍ഫലമായി ഇന്ധന ചോര്‍ച്ചയുണ്ടാകാനും സാധ്യതയുണ്ട്.
ഇന്ധന ചോര്‍ച്ച മാത്രമല്ല എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ബ്രേക്ക്, സ്റ്റീയറിങ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്‌ളൂയിഡ് ചോരാനും സാധ്യതയുണ്ട്. ഗ്യാസ്‌കെറ്റുകള്‍, വാഷറുകള്‍, റബ്ബര്‍ റിങ്ങുകള്‍ എന്നിവ പൊട്ടുന്നതാണ് ഫ്ലൂയിഡ് ലീക്കിനുള്ള സാധ്യത കൂട്ടുന്നത്. ഇന്ധന ചോര്‍ച്ച പോലെ ഫ്ലൂയിഡ് ലീക്ക് പെട്ടെന്ന് തീപടര്‍ത്തി വലിയ അപകടത്തിന് കാരണമാക്കില്ലെങ്കിലും ഒരുവേള തീപടര്‍ന്നാല്‍ അത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ഇതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യം ഫ്ലൂയിഡ് ലീക്ക് പലപ്പോഴും ഇന്ധനചോര്‍ച്ചയുള്ളത് മറക്കുന്നുവെന്ന് കാണാം.
എഞ്ചിന്‍ ബേ വൃത്തിയാക്കാന്‍ ബോണറ്റ് തുറന്ന ശേഷം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തുണിയോ മറ്റ് സാധനങ്ങളോ അവിടെ മറന്ന് വെച്ച് പോരുന്നവരുണ്ട്. ഇത് അപകടമാണ്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ മറന്ന് വെച്ച തുണിക്കോ ക്ലീനറിനോ തീപിടിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാം.
ഇതിനൊപ്പം തന്നെ തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റൊ ഫ്യുവല്‍ ടാങ്കൊ ഫ്യുവല്‍ ലൈനുകളൊ പരിശോധിക്കുന്നതോ അറ്റകുറ്റപ്പണി നടത്താന്‍ ശ്രമിക്കുന്നതോ ആത്മഹത്യാപരമാണ്. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഹനത്തിന്റെ അകത്തിരുന്ന് പുകവലിക്കുന്നതും അപകടകരമാണ്.