കൊച്ചി: നഗരത്തിലെ കാനകളിലേക്ക് പ്ലാസ്‌റ്റിക് മാലിന്യമടക്കം തള്ളുന്നവർക്കെതിരെ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. നഗരത്തിലെ വെള്ളക്കെട്ടുസംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. കാനയിലെ ജലമൊഴുക്ക് തടസ്സപ്പെടുത്തിയ ഹോട്ടലിനെതിരെ നടപടി എടുത്തോയെന്ന് കോടതി ആരാഞ്ഞു.
കാനകളിൽ പ്ലാസ്‌റ്റിക് മുതൽ മണൽ ചാക്കുവരെ ഉള്ളതിനാലാണ് ഒഴുക്ക് തടസ്സപ്പെടുന്നതെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ചിട്ടുള്ള സമിതിക്ക് വെള്ളക്കെട്ട് പരിഹരിക്കാനുള്ള ചുമതലയുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നടപടി ഉണ്ടായില്ലെങ്കിൽ കലക്ടറെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി വാക്കാൽ പറഞ്ഞു. എംജി റോഡിലെ കാനകൾ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ നിലപാട് കോടതി തേടി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് നിർദേശിച്ചു.
മുല്ലശേരി കനാൽ നവീകരണത്തിന്റെ ഭാഗമായി പൈപ്പുകൾ മാറ്റാനുള്ള കരാർ ഏറ്റെടുക്കാൻ ഒരു കരാറുകാരൻ എത്തിയിട്ടുണ്ട്. ഇയാൾക്ക് ജോലി പൂർത്തിയാക്കാൻ സാധ്യമാകുമോ എന്ന് പരിശോധിക്കാൻ വാട്ടർ അതോറിറ്റി എൻജിനിയർക്ക് നിർദേശം നൽകി. വടുതല ബണ്ട് സംബന്ധിച്ച വിദഗ്‌ധസമിതി റിപ്പോർട്ടും പേരണ്ടൂർ കനാൽസംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. സീനിയർ ഗവ. പ്ലീഡർ എസ് കണ്ണൻ ഹാജരായി.