കൊച്ചി> ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ അധ്യയനദിനം 220 ആക്കി വർധിപ്പിച്ചതിനെതിരായ ഹർജികൾ ഹെെക്കോടതി 15ന് പരിഗണിക്കാൻ മാറ്റി. അധ്യാപക സംഘടനകളും രക്ഷിതാക്കളുമാണ് ഹർജിക്കാർ.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അധ്യയനദിവസം 200 ആക്കി നിജപ്പെടുത്തിയ വിദ്യാഭ്യാസ അവകാശ നിയമമുണ്ട്. ഇതിന് എതിരാണ് അധ്യയനദിവസം വർധിപ്പിച്ച നടപടിയെന്ന് ഹർജിയിൽ പറയുന്നു. അധ്യാപക സംഘടനകളെ കേൾക്കാതെയാണ് അധ്യയനദിവസം വർധിപ്പിച്ചതെന്നും ശനി പ്രവൃത്തിദിവസമായതോടെ എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും ഹർജിക്കാർ പറഞ്ഞു.
പ്രവൃത്തിദിനം 220 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് നൽകിയ കേസിലെ ഹെെക്കോടതി വിധിയെത്തുടർന്നാണ് അധ്യയനദിവസം വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയത്. മുൻവർഷം 205 ദിവസമാണ് ഉണ്ടായിരുന്നത്. 25 ശനിയാഴ്ച ഉൾപ്പെടെ 220 അധ്യയനദിനം ലഭ്യമാകുന്ന വിധമാണ് പുതിയ കലണ്ടർ. മുൻവർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് അധിക പ്രവൃത്തിദിനമായുള്ളത്.