കൊച്ചി: അവസാന വർഷ എംബിബിഎസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി. എന്നാൽ വിദ്യാർഥികൾക്കു നൽകേണ്ട പ്രായോഗിക പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ആരോഗ്യ സർവകലാശാലയ്ക്കു നിർദേശം നൽകി ഹർജി തീർപ്പാക്കി. പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾ നൽകിയ ഹർജിയാണു ജസ്റ്റിസ് രാജ വിജയരാഘവൻ പരിഗണിച്ചത്.
വ്യാഴാഴ്ച നടന്ന എംബിബിഎസ് പരീക്ഷയിൽ ഹാജരാകുന്ന വിദ്യാർഥികളുടെ ശതമാനം പരിശോധിച്ചതിനുശേഷം പരീക്ഷ ടൈം ടേബിൾ മാറ്റണമോയെന്ന കാര്യത്തിൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് തീരുമാനമെടുക്കുമെന്നാണു 30ന് ഹർജി പരിഗണിച്ചപ്പോൾ ആരോഗ്യ സർവകലാശാല അറിയിച്ചിരുന്നത്. സർവകലാശാലയ്ക്കും വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് കരുതലുണ്ടെന്നും അവരുടെ പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ വ്യക്തമാക്കിയിരുന്നു.
74.04% വിദ്യാർഥികൾ പരീക്ഷയെഴുതിയില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകനും പരീക്ഷ മാറ്റിവയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു സർവകലാശാലയും അറിയിച്ചു. പ്രായോഗിക പരിശീലനം സംബന്ധിച്ചു ബോർഡ് ഓഫ് എക്സാമിനേഷൻ ചേർന്നതിനുശേഷമേ തീയതി അറിയിക്കാനാവൂയെന്നും സർവകലാശാല വ്യക്തമാക്കി.