തിരുവനന്തപുരം: 2022–23 സാമ്പത്തിക വർഷത്തിലെ മദ്യനയം പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം മദ്യനയത്തിന് അംഗീകാരം നൽകിയിരുന്നു. ഐടി മേഖലയിൽ മദ്യവിതരണത്തിനും പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്നതിനും പ്രത്യേക ചട്ടം കൊണ്ടുവരും.
ചട്ടങ്ങൾ സംബന്ധിച്ച കരട് തയാറാക്കാൻ എക്സൈസ് കമ്മിഷണറോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിടും. അതിനുശേഷം, നികുതി വകുപ്പ് ചട്ടങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിടും. അവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ചട്ടം രൂപീകരിക്കുക. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം ഒന്നരമാസത്തോളമെടുക്കും. ഇതിനുശേഷമായിരിക്കും താൽപര്യമുള്ള ഐടി കമ്പനികളിൽനിന്നും കർഷകരിൽനിന്നും അപേക്ഷ ക്ഷണിക്കുക.
ബവ്കോയ്ക്കു കൂടുതൽ ഔട്ട്ലറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ബവ്കോയുടെ ശുപാർശ പൂർണമായി അംഗീകരിച്ചിട്ടില്ല. 172 ഔട്ട്ലറ്റുകൾ അനുവദിക്കണമെന്നായിരുന്നു ശുപാർശ. നേരത്തെ അടച്ചു പൂട്ടിയ ഔട്ട്ലറ്റുകൾ മാത്രം തുറക്കാനാണ് നിലവിലെ തീരുമാനം. ഇത് 50 എണ്ണത്തിൽ താഴെയാണ്. സ്ഥല സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രമേ ഔട്ട്ലറ്റുകൾ തുറക്കൂ.