തിരുവനന്തപുരം : ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിച്ചു. ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ദേശീയതലത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യം ചേർന്നതിനാലാണ് ഒറ്റയ്ക്ക് നിൽക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച വിവരങ്ങൾ പിന്നീട്.
വ്യക്തികളുടെ പാർട്ടിയല്ല ഉദ്ദേശിക്കുന്നത്, ആശയപരമായി യോജിപ്പ് വേണം. എൽജെഡി- ആർജെഡി ലയനത്തിൽ അതവരുടെ കാര്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ല ആശയപരമായ ഒരുമിക്കലാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ നേതൃയോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കേരളത്തില്‍ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ പാർട്ടി ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പ്രഖ്യാപിച്ചത്.