ചങ്ങനാശ്ശേരി: മിത്ത് വിവാദത്തിൽ അക്രമസമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്ന അന്തസ്സുള്ള നിലപാടാണ് എൻ.എസ്.എസ് എടുത്തിരിക്കുന്നതെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. മുതലെടുപ്പുകൾക്ക് എൻ.എസ്.എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ.എസ്.എസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർസമരപരിപാടികൾ തീരുമാനിക്കാൻ ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളുകൾക്ക് മുമ്പാണ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി ഇടതു മുന്നണി ഘടകകക്ഷി നേതാവായ ഗണേഷ് കുമാർ എത്തിയത്. എന്നാൽ, സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മിത്ത് പരാമർശത്തെ തുടർന്ന് സർക്കാറിനെതിരെ എൻ.എസ്.എസ് രൂക്ഷമായ വിമർശനങ്ങളുമായി എത്തിയത് ഗണേഷിനെയും പ്രതിസന്ധിയിലാക്കി.
മുൻ തീരുമാന പ്രകാരം രണ്ടാം പിണറായി സർക്കാറിന്‍റെ അഞ്ചു വർഷത്തെ ഭരണത്തിൽ പകുതിക്കാലം ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. അക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അതിലും എൻ.എസ്.എസിന് അതൃപ്തിയുണ്ട്. ആ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ എൻ.എസ്.എസ് എടുക്കുന്ന തീരുമാനങ്ങൾ ഗണേഷിനും പ്രതികൂലമാകുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കിയുള്ള തീരുമാനം എൻ.എസ്.എസ് കൈക്കൊണ്ടതിലെ സംതൃപ്തിയാണ് ഗണേഷ് കുമാറിന്‍റെ വാക്കുകളിലുണ്ടായത്.