പെരിന്തൽമണ്ണ: കേരളത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് കേന്ദ്രസർക്കാർ പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിട്ടും മിണ്ടാട്ടമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടുനീളെ നടന്ന് രണ്ടു രൂപക്കെതിരെ അഭിപ്രായം ചോദിച്ച ചാനലുകൾക്ക് ഇപ്പോൾ ഒന്നും ചോദിക്കാനില്ല. കേരളത്തിലെ 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകാനാണ് സർക്കാർ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നത്. വാങ്ങിത്തുടങ്ങിയിട്ടില്ല. അതേസമയം, 20 രൂപയാണ് കേന്ദ്രത്തിന്റെ സെസ്. 7500 കോടി രൂപ ഓരോ വർഷവും കേരളത്തിൽനിന്ന് കേന്ദ്രം സെസ് പിരിക്കുമ്പോഴും നയാപൈസ കേരളത്തിന് നൽകുന്നില്ല. ഇതിൽ കോൺഗ്രസിനും ലീഗിനും പ്രതിഷേധമില്ല.