തൊടുപുഴ: ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങിൽ കൃത്രിമംകാട്ടി കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടംവരുത്തിയ സംഭവത്തിൽ ഒരു ജീവനക്കാരനെതിരെകൂടി വകുപ്പുതല നടപടി. തൊടുപുഴ സെക്‌ഷൻ(ഒന്ന്) ഓഫീസിലെ ഓവർസിയർ തോമസ് മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ഇബി വിജിലൻസ് സാങ്കേതിക വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. മൂന്ന് മാസം മുമ്പ് സെക്ഷൻ ഒന്നിലെ മീറ്റർ റീഡിങ് എടുത്തിരുന്ന കരാർ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയർ അസിസ്റ്റന്റിനും സസ്‌പെൻഷനും നൽകി. തുടരന്വേഷണത്തിൽ കുറ്റക്കാരായ അസിസ്‌റ്റന്റ് എൻജിനിയറെയും രണ്ട് സബ് എൻജിനിയർമാരെയും കൂടി സസ്പെൻഡ് ചെയ്തിരുന്നു.
പിരിച്ചുവിട്ട കരിമണ്ണൂർ സ്വദേശിയായ കരാർ ജീവനക്കാരൻ രണ്ട് വർഷത്തോളം മീറ്റർ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. മേയിൽ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിങ്ങിൽ പ്രകടമായ മാറ്റം കണ്ടെത്തി. ആ മാസം 140 ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതിബിൽ വളരെയധികം കൂടി.
ശരാശരി 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബിൽ ഉയർന്നു. പരാതിയെതുടർന്ന് ഇതിനുമുമ്പ് പ്രദേശത്ത് മീറ്റർ റീഡിങ് എടുത്തിരുന്ന യുവാവിനെ ചോദ്യംചെയ്തപ്പോൾ ഇയാൾ റീഡിങ്ങിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞമാസവും തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിൽ ശരാശരി- 2000- –-2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെയാണ് ബിൽ വന്നത്. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ കെഎസ്ഇബി ഓഫീസിൽ പ്രതിഷേധമുയർത്തിയിരുന്നു.