വേങ്ങര: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി ഗവേഷക സംഘം. വിദേശ സർവകലാശാലകളിലെ വിദഗ്‌ധർ ഉൾപ്പെടെയുള്ള സംഘത്തിന്റെ കണ്ടെത്തൽ സ്വിറ്റ്സർലൻഡ് ബേസലിലെ ഡൈവേഴ്സിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ചു. സെൻട്രൽ ഏഷ്യൻ ഫ്ലൈവേക്കകത്തെ ഇന്ത്യൻ തീരങ്ങളിൽ ശിശിരകാലത്ത് എത്തുന്ന പക്ഷികളിൽ ഭൂരിഭാഗത്തിന്റെയും എണ്ണം വൻതോതിൽ കുറഞ്ഞു.
പക്ഷികൾ കുറയാനിടയാകുന്ന കാരണങ്ങൾ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലെ ദേശാടനപ്പക്ഷികളുടെ വൈവിധ്യവും ജീവിതക്രമവും വ്യത്യസ്‌തമാണെന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തിന്റെ പ്രത്യേകതകൾ പക്ഷികളുടെ സമൃദ്ധിക്കും വൈവിധ്യത്തിനും കാരണമാകുമെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.
പടിഞ്ഞാറൻ തീരത്തെ പ്രധാന ഇടത്താവളമായ കടലുണ്ടിയിൽ പക്ഷികളുടെ വരവ് ഗണ്യമായി കുറഞ്ഞു. 2010ൽ 12,000ത്തിലധികം പക്ഷികൾ എത്തിയത് 2021ൽ രണ്ടായിരമായി.പൊൻമണൽക്കോഴി, മംഗോളിയൻ മണൽക്കോഴി, വലിയ മണൽക്കോഴി, ചെറുമണൽക്കോഴി, കുരുവി മണലൂതി, ടെറക് മണലൂതി തുടങ്ങി 32 ഇനം പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ട്. പത്തുവർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം.
സൗദി അറേബ്യയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലെ ഡോ. കെ എം ആരിഫ് നേതൃത്വം നല്‍കുന്ന സംഘത്തിൽ എ പി റാഷിബ (ഫാറൂഖ് കോളേജ് ), കെ ജിഷ്‌ണു (എംഇഎസ്, പൊന്നാനി), എച്ച് ബൈജു (അണ്ണാമലൈ യൂണിവേഴ്സിറ്റി), സി ടി ഷിഫ (മടപ്പള്ളി കോളേജ്), ജാസ്‌മിൻ ആനന്ദ് (ടികെഎംഎം കോളേജ്, നങ്ങ്യാർകുളങ്ങര), കെ വിചിത്ര (എംഇഎസ് കെവീയം കോളേജ് വളാഞ്ചേരി), യാഞ്ഞിഷു (യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കി, ഫിൻലന്‍ഡ്), അയ്‌മൻ നെഫ്‌ല (യൂണിവേഴ്സിറ്റി ഒഫ് ട്യൂണീസ്, ട്യൂണീഷ്യ), സാബിർ ബിൻ മുസഫ്ഫർ (യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, യുഎഇ), കെ എ റുബീന (എംഇഎസ് കോളേജ് മറമ്പള്ളി, ആലുവ) എന്നിവരാണുള്ളത്.