ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവിലെ ഫുട്ബോൾ മൈതാനത്തിൽ കളിച്ചുവളർന്ന എം കെ ജിതിന് (19) സ്‌പെയിനിലെത്താൻ യാത്രാ ടിക്കറ്റിന് പണം വേണം. റയൽ മാഡ്രിഡിന്റെ ഫോർത്ത് ഡിവിഷൻ ക്ലബ്ബുകളിലേക്കാണ് കാട്ടുകുളം പരിയാനമ്പറ്റ ആനാരിത്തൊടി വീട്ടിൽ ജിതിനെ തെരഞ്ഞെടുത്തത്. പണമില്ലാത്തതിനാൽ അപൂർവ അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ജിതിനും കുടുംബവും.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കൊച്ചിയിലെ ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമി നടത്തിയ ക്യാമ്പിലൂടെ സ്പെയിനിലെ ഇ എസ് മിസാൽറ്റ ഫുട്ബോൾ ക്ലബിൽ പരിശീലനത്തിന് അവസരം കിട്ടി. വിങ്ങർ, അറ്റാക്കിങ് പൊസിഷനിൽ കളിച്ച ജിതിന്റെ കളി മികവ് ശ്രദ്ധിച്ച അക്കാദമിയാണ് റയൽ മാഡ്രിഡിന്റെ ഫോർത്ത് ഡിവിഷൻ ക്ലബ്ബിലേക്ക് അവസരമൊരുക്കിയത്. പരിശീലനത്തിന് 17 ലക്ഷം രൂപ ചെലവ് വരും.
ചെന്നൈയിലെ ഫുട്ബോൾ പ്ലസ് അക്കാദമി ജിതിനെ സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. പരിശീലന കാലയളവിലെ ചെലവുകൾ അക്കാദമി വഹിക്കും. സ്പെയിനിലേക്ക് പോകാനുള്ള ടിക്കറ്റും വിസയും ഇൻഷുറൻസും ജിതിൻ കണ്ടെത്തണം. മൂന്നര ലക്ഷം രൂപയോളം വേണം. കൂലിപ്പണിക്കാരായ അച്ഛൻ കുഞ്ഞിക്കണ്ണനും അമ്മ രാധികയ്ക്കും ഇത്ര വലിയ തുക അസാധ്യമാണ്. ഈമാസം 25ന് മുമ്പ് ടിക്കറ്റ് എടുക്കണം. രണ്ടുവർഷത്തേക്കാണ് സ്പെയിൻ ക്ലബ് പരിശീലനം നൽകുക.
ആറാം ക്ലാസുമുതൽ ശ്രീകൃഷ്ണപുരത്ത് കറ്റാലിയ ഫുട്ബോൾ അക്കാദമിയിൽ എം ടി സുജിത്തിന്റെകീഴിലാണ് ഫുട്ബോൾ പരിശീലിക്കുന്നത്. കാട്ടുകുളം എച്ച്എസ്‌എസിൽനിന്നും പ്ലസ് ടു പൂർത്തിയാക്കി ബംഗളൂരു ബെൻജാര എഫ്സിയിലും ജില്ലാ ഫുട്ബോൾ ലീഗിലും കളിച്ചു. കൂടുതൽ അവസരം കിട്ടിയാൽ വലിയ ഉയരങ്ങൾ കീഴടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജിതിൻ.
ഫോൺ: 9947766455.