പാലക്കാട്: പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളിലും ശാന്തി, അടിച്ചുതളി, കഴകം എന്നീ അടിസ്ഥാന തസ്തികകളില്‍ ജീവനക്കാരെ ഉറപ്പാക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട എം ആര്‍ മുരളി പറഞ്ഞു. വര്‍ഷങ്ങളായി സ്ഥിരപ്പെടാതെ നിന്ന നൂറുക്കണക്കിന് ജീവനക്കാരെ കഴിഞ്ഞ തവണ പ്രസിഡന്റായയുടന്‍ സ്ഥിരപ്പെടുത്തി. 1400 ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം ജീവനക്കാര്‍ക്ക് ഗുണമുണ്ടാകുന്ന ക്ഷേമപ്രവര്‍ത്തനങ്ങളാകും ബോര്‍ഡ് ഇനി നടപ്പാക്കുക. പിന്നോക്ക ക്ഷേത്രങ്ങളുടെ നിലവാരം ഉയര്‍ത്തുകയും വലിയ ക്ഷേത്രങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം. കേരളത്തിന്റെ ഐതിഹ്യപ്പെരുമ, ചരിത്രം, കലാ സാംസ്‌കാരിക പാരമ്പര്യം, കഥകളി എന്നിവ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് പൈതൃക ടൂറിസംപദ്ധതി ആവിഷ്‌കരിക്കും.
പറയിപെറ്റ പന്തിരുകുലം, പഴശി ആയുധങ്ങള്‍ ഉപേക്ഷിച്ച കൈതക്കാട്, തിരുമാന്ധാംകുന്ന്, തിരുനാവായ, തളി, പറശിനിക്കടവ് എന്നിവയൊക്കെ ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതി. നാലമ്പല ദര്‍ശനവും പദ്ധതിയിലുണ്ട്. എല്ലാ ക്ഷേത്രങ്ങളും 70 ശതമാനം സര്‍ക്കാര്‍, ബോര്‍ഡ് സഹായം കൈപ്പറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. വരുമാനം അതത് ക്ഷേത്രങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 36 കോടിരൂപയാണ് മലബാര്‍ ദേവസ്വം ബോഡിന് അനുവദിച്ചത്. ഈ ബജറ്റില്‍ അതിലും കൂടുതല്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ കിഫ്ബിയും ടൂറിസം, ജലസേചന വകുപ്പുകളും തുക അനുവദിക്കുന്നുണ്ട്.
കാടാമ്പുഴക്ഷേത്രത്തിനുകീഴില്‍ 15 കോടിരൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രം 31ന് ട്രയല്‍ റണ്‍ നടത്തും. ദിവസം 100 പേര്‍ക്ക് ഡയാലിസിസ് നല്‍കാന്‍ മൂന്ന് ഷിഫ്റ്റ് പ്രവര്‍ത്തിക്കും. 25 മെഷിന്‍ സ്ഥാപിക്കും. എല്ലാം സൗജന്യമായിരിക്കും. രണ്ടാം ഘട്ടത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നടപ്പാക്കും. പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ശ്രമം തുടങ്ങി. ക്ഷേത്രോത്സവങ്ങള്‍ കലകള്‍ക്കും കലാകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുന്ന വിധത്തില്‍ നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായി മലബാര്‍ ദേവസ്വം ബോഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ‘എംഡിബി കെയര്‍’ എന്ന പേരില്‍ മുഴുവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും എം ആര്‍ മുരളി പറഞ്ഞു.