കോഴിക്കോട് > കോഴിക്കോടിന്റെ ഗതാഗതക്കുതിപ്പിന് ഊർജം പകർന്ന് രാമനാട്ടുകര – വെങ്ങളം ദേശീയപാത വികസനം അതിവേഗം കുതിക്കുന്നു. ആറുവരിപ്പാതയുടെ പകുതിയിലധികം പ്രവൃത്തി പൂർത്തിയായി. മഴ മാറിയതോടെ നിർമാണത്തിന് വേഗം കൂടി. പുഴക്ക് കുറുകെയുള്ള നാല് പാലങ്ങളുടെയും ജങ്‌ഷനുകളിലെ മേൽപ്പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. രണ്ടിടത്ത് അടിപ്പാതയാണ്. നിലവിൽ മേൽപ്പാലമുള്ള രാമനാട്ടുകരയിൽ പുതിയതിന്റെ നിർമാണം പൂർത്തിയായി.
അഴിഞ്ഞിലം ജങ്‌ഷനിൽ രണ്ട് ചെറിയ മേൽപ്പാലങ്ങളാണുള്ളത്. രണ്ടും പൂർത്തിയായി. പന്തീരാങ്കാവ് ജങ്‌ഷനിൽ രണ്ട് പാലങ്ങളുണ്ട്. ഇതിൽ ഒന്നിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. രണ്ട് സ്ലാബുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. രണ്ടാമത്തെ പാലത്തിന്റെ കേപ്പ് സ്ഥാപിക്കാനുണ്ട്. ഹൈലൈറ്റ് മാളിന് സമീപം ഒരു ഭാഗത്തെ പാലം പൂർത്തിയായി. രണ്ടാമത്തേതിന്റെ ഗർഡർ സ്ഥാപിക്കുന്നുണ്ട്. 12 എണ്ണം കൂടി സ്ഥാപിക്കണം. തൊണ്ടയാട് ജങ്‌ഷനിൽ പുതിയ പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
വേങ്ങേരിയിലും മലാപ്പറമ്പിലും അടിപ്പാതയാണ്. വേങ്ങേരിയിൽ അടിപ്പാതയുടെ ഗർഡർ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. രണ്ട് പാതികളിലായി 32 ഗർഡറാണ് സ്ഥാപിക്കാനുള്ളത്. ഇതിൽ ആദ്യപാതിയിലെ 16 എണ്ണമാണ് സ്ഥാപിക്കുന്നത്. മൂന്നെണ്ണം സ്ഥാപിച്ചു. ഇത് പൂർത്തിയായാൽ നിലവിലുള്ള റോഡിലെ മണ്ണുമാറ്റി മറുവശത്ത് എബട്ട്‌മെന്റ് നിർമിക്കും. ഇവിടെയും 16 ഗർഡർ സ്ഥാപിക്കണം. സർവീസ് റോഡ് 12 മീറ്റർ വീതിയിലാണെങ്കിലും പാലം 45 മീറ്റർ വീതിയിലാകും. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ സ്ലാബുകൾ നിർമിച്ച് കോൺക്രീറ്റ് ചെയ്യൽ മാത്രം മതിയാവും. മൂന്നുമാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ആറുവരിപാത റോഡിന്റെ പ്രവൃത്തികൾ 52 ശതമാനം പൂർത്തിയായി. ഒന്നാംഘട്ട ടാറിങ് 80 ശതമാനവുമായി. ടാർ ചെയ്‌ത ഭാഗങ്ങളിൽ ചിലത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. സർവീസ് റോഡുകളുടെ ജോലിയും ഒപ്പം പൂർത്തിയാകും. മണ്ണ് കിട്ടാത്തതാണ് തടസ്സം. രാമനാട്ടുകര–-പൂളാടിക്കുന്ന് 28 കി. മീറ്റർ റീച്ച് 2024 ഡിസംബർ 31നകം പൂർത്തിയാക്കാനാണ് കരാർ.