കൊച്ചി : ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ്സ് അസ്സോസിയേഷന്‍ പ്രസിഡൻറായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി.
ഒരു ജഡ്ജിയുടെ പേരില്‍ മാത്രം വാങ്ങിയത് 50 ലക്ഷമാണ്. അഭിഭാഷകനെതിരെ അഡ്വക്കറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സ് റിപ്പോർട്ടിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാർ കൗൺസിലിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ, ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് എ എ സിയാദ് റഹ്‌മാൻ എന്നിവർക്ക് നൽകാനെന്ന പേരിലാണ് സൈബി പണം വാങ്ങിയത്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്.
എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായി.15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. അഞ്ച് ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞതായാണ് ലഭിച്ച മൊഴി. ഒരു ജഡ്‌ജിയുടെ പേരിൽ രണ്ട് ലക്ഷം രൂപയും വാങ്ങി.
ആഡംബര ജീവിതം നയിച്ചിരുന്ന സെെബിക്ക് മൂന്ന് ലക്ഷ്വറി കാറുകള്‍ സ്വന്തമായുണ്ട്. സൈബിയുടെ കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങള്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ജഡ്ജികളുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അഭിഭാഷകനെതിരെ അഡ്വക്കറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നിര്‍ദേശം.