ചെറുതോണി > ഇടുക്കിയിലെ കർഷകർക്കായി എല്ലാകാലത്തും എൽഡിഎഫ് നിലകൊണ്ടിട്ടുണ്ടെന്നും നടപ്പാക്കാൻ പറ്റുന്നതേ പറയുകയുള്ളൂവെന്നും പറയുന്നത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒട്ടേറെ പ്രശ്‌നങ്ങളും യാതനകളും അനുഭവിക്കുന്നവരാണ് കുടിയേറിയ കർഷകർ. എൽഡിഎഫ് സർക്കാരുകൾ ഒരുഘട്ടത്തിലും മലനാട് ജനതയെ കൈയൊഴിഞ്ഞിട്ടില്ല. പതിച്ചുനൽകിയ ഭൂമി കൈമാറ്റം ചെയ്യാനാകില്ലെന്ന വ്യവസ്ഥയും പട്ടയ ഉപാധികളും മാറ്റിയത് പിന്നീടുവന്ന എൽഡിഎഫ് സർക്കാരാണ്. ഇതിനായി ആദ്യം ഓർഡിനൻസ് ഇറക്കി. ഭൂപതിവ്‌ചട്ടം മുൻകാല പ്രാബല്യത്തിൽ കൊണ്ടുവന്നു. 2016 ലെ സർക്കാർ സാധാരണക്കാരെ സഹായിക്കുന്ന രീതി തുടർന്നു. പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങൾക്ക് ഇളവുനൽകി ഉത്തരവിറക്കി. തുറന്ന മനസ്സോടെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സുദീർഘമായ ചർച്ച നടത്തിയാണ് പൊതുപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. മൂർത്തമായ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നു. ഭൂപ്രശ്നത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. കർഷകർക്കെതിരായ ഭൂനിയമങ്ങൾ മാറ്റുകയാണ്. ഒപ്പം നിബന്ധനകളും. എന്നാൽ അനാവശ്യ ഭീതിയും ഭിന്നതയും ഉണ്ടാക്കാനാണ് ഒരുകൂട്ടരുടെ നീക്കം.
സുപ്രീംകോടതി വിധി നേരിടാനും പരിഹരിക്കാനും സീനിയറായ അഭിഭാഷകനെ വച്ചു. ജനവാസ മേഖലകളെയും തോട്ടം മോഖലയെയും ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിച്ചു. ഓരോ പ്രദേശത്തിന്റെയും പ്രശ്നം പരിഹരിക്കാൻ ജനകീയ സഭകൾ ചേർന്നു. ഇടുക്കിയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തും. നിർണായക ഭേദഗതി ബിൽ ചരിത്രമാണ്. ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ലക്ഷ്യം. 60ലെ നിയമത്തിലും മാറ്റം വരുത്തി. ഭൂപതിവ് ചട്ടം അതിവേഗമാണ് തയ്യാറാകുന്നത്. കുറ്റമറ്റതായി നടപ്പാക്കും. സാധാരണക്കാരുടെ നിർമാണങ്ങൾ ക്രമീകരിക്കും. നിരവധി പേർക്ക് ഗുണം ചെയ്യും. ജീവനോപാധികൾക്കായുള്ള നിർമാണങ്ങൾക്ക് ഇളവുണ്ട്. – അതിനപ്പുറമുള്ളവയുടെ കാര്യം ചട്ടത്തിന്റെ ഭാഗമായി വരാനിരിക്കുന്നതേയുളളൂ. സെസ് ഉൾപ്പെടെ വാണിജ്യാവശ്യത്തിന് നിശ്ചിത ഫീസ് ഈടാക്കേണ്ടിവരും. എന്നാൽ 90 ശതമാനം സാധാരണക്കാർക്കും ഒരു പ്രശ്‌നവും ഉണ്ടാവില്ല. ചെറിയ ശതമാനം വ്യവസായ വാണിജ്യ ആവശ്യങ്ങൾക്കായിരിക്കും നിശ്ചിത ഫീസ് ഈടാക്കേണ്ടിവരിക. സെസ് കെടുക്കേണ്ടത് വലിയ കെട്ടിട ഉടമകൾക്ക് മാത്രം. ഇടുക്കിയാകുമ്പോൾ ഇതുൾപ്പെടെ ചർച്ച ചെയ്ത് തീരുമാനിക്കും. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്തായിരിക്കും നടപടി. പൊതു ആവശ്യങ്ങളായ സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ടൂറിസം എന്നിവയ്‌ക്ക് പ്രത്യേക പരിഗണന നൽകും. ഒരു പ്രശ്‌നവുമുണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ചട്ടവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
=