തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 261 പൊലീസുകാർക്കാണ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ റൂട്ട് തെറ്റിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം സസ്പെൻഷനിലായ ഉദ്യോഗസ്ഥനും മെഡൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ അഞ്ചാമനായാണ് തിരുവനന്തപുരം സിറ്റിയിലെ സസ്പെൻഷനിലായ ഗ്രേഡ് എസ്.ഐ. സാബുരാജൻ ഇടംനേടിയിരിക്കുന്നത്.
സാബുരാജനെ കൂടാതെ, സിവിൽ പൊലീസ് ഓഫിസർ എൻ.ജി. സുനിൽ എന്ന ഉദ്യോഗസ്ഥനെയുമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ സസ്‍പെൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടിനാണ് മന്ത്രിയുടെ റൂട്ട് മാറ്റിയ സംഭവം ഉണ്ടായത്. നെയ്യാറ്റിൻകരക്ക് സമീപം പള്ളിച്ചലിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ എറണാകുളത്തേക്ക് മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. പള്ളിച്ചൽ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെ മന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടി സാബുരാജനും സുനിലുമായിരുന്നു. കരമനയിൽനിന്ന് അട്ടക്കുളങ്ങര ഭാഗത്തുകയറി ഈഞ്ചയ്ക്കൽ ജങ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടായിരുന്നു ആദ്യം നിശ്ചയിച്ചത്.
എന്നാൽ, അട്ടക്കുളങ്ങര റോഡിൽ പണി നടക്കുന്നതുകൊണ്ടും തിരക്കുള്ള റോഡായതിനാലും അട്ടക്കുളങ്ങരയിലേക്ക് കയറാതെ കരമനയിൽനിന്ന് തമ്പാനൂർ വഴി പാളയം അണ്ടർ പാസേജിലൂടെ ചാക്കയിലെത്തി അവിടെനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടാണ് ഇരുവരും തെരഞ്ഞെടുത്തത്. ഇതേതുടർന്ന് ജില്ല ക്രൈം സെൽ എ.സി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
അതേസമയം, നേരത്തെ നിശ്ചയിച്ച റൂട്ടിൽനിന്ന് മാറ്റി മറ്റൊരു റൂട്ടിലൂടെ പോയതിന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത് മന്ത്രിയുടെ അറിവോടെയല്ലെന്ന് വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫിസ് അറിയിച്ചു. പൊലീസുകാര്‍ക്കെതിരെ പരാതിപ്പെട്ടിട്ടില്ലെന്നും ജില്ലാ പൊലീസ് നേതൃത്വമാണ് പരിശോധിച്ച് നടപടിയെടുക്കുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു.