പത്തനംതിട്ട> ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തും. ദൃശ്യങ്ങള്‍ യാഥാര്‍ഥ്യമാണോയെന്ന് വ്യക്തമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
ദൃശ്യത്തില്‍ കാണുന്ന വ്യക്തി ചെന്നൈ സ്വദേശിയാണെന്ന് സംശയിക്കുന്നു. നേരത്തെ ഒരു കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചതായും സംശയമുണ്ട്. എന്തായാലും ഇക്കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും . പൊന്നമ്പലമേട് അടങ്ങുന്ന പ്രദേശം പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനം മേഖലയുടെ നിയന്ത്രണത്തിലാണ്. ഇത് സംബന്ധിച്ച് പമ്പയില്‍ വനം വകുപ്പും കേസെടുത്ത് അന്വേഷണം തുടങ്ങി. നേരത്തെ ശബരിമല മേല്‍ശാന്തിയെന്ന് പ്രചരിപ്പിച്ച് ദൃശ്യത്തില്‍ കാണുന്ന വ്യക്തി തട്ടിപ്പ് നടത്തിയിരുന്നതായും പറയുന്നു.
വിശ്വാസികളെ സംബന്ധിച്ച് പൊന്നമ്പലമേട് വളരെ പ്രാധാന്യമുള്ളതാണ്. വളരെ പരിപാവനമായ സ്ഥലമാണ് അവിടം. അതിനാല്‍ വളരെ ഗൗരവത്തോടെ തന്നെ ഇക്കാര്യം ബോര്‍ഡ് കാണും.വനം വകുപ്പിന്റെ അറിവില്ലാതെ സാധാരണഗതിയില്‍ ഈ മേഖലയിലേക്ക് ആര്‍ക്കും പോകാന്‍ സാധിക്കില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് സത്യം കണ്ടെത്തും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അതിനനുസരിച്ച നടപടിയുണ്ടാകുമെന്ന് കെ അനന്തഗോപന്‍ പറഞ്ഞു.