തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രാത്രി എല്ലാ ജില്ലകളിലും മഴ സാധ്യത ശക്തം. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കാലവര്‍ഷം കനക്കുന്നത്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദപാത്തി നിലനില്ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.