തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ നിയമം നിർമിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. സമാനമായി 2019ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ മന്ത്രി എ.കെ.ശശീന്ദ്രൻ എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കിയാൽ മതിയെന്ന് പറഞ്ഞു.
സംരക്ഷിത വനമേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള സുപ്രീം കോടതി ഉത്തരവിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയമാണ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ചത്. വിധി നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്ന് പ്രമേയം പറയുന്നു. ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിന് തിരിച്ചടിയാണ് കോടതി വിധി. ഇതിനെതിരെ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
തുടർന്ന് ഭേദഗതികൾ നിർദേശിക്കാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സണ്ണി ജോസഫും 2019ലെ സംസ്ഥാന സർക്കാരിന്റെ സമാനമായ ഉത്തരവ് തിരിച്ചടിയാകുമെന്ന് ഓർമിപ്പിച്ചു. ആവശ്യമെങ്കിൽ മന്ത്രിസഭായോഗം ചേർന്ന് ഈ ഉത്തരവ് പിൻവലിക്കണം. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പ്രമേയവുമായി ബന്ധമൊന്നുമില്ല എന്നായിരുന്നു വനം മന്ത്രിയുടെ നിലപാട്. സംസ്ഥാനത്തിന്റെ താൽപര്യം ഉന്നതാധികാര സമിതിയെ അറിയിച്ചാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവും വനം മന്ത്രിയും നിലപാടിൽ ഉറച്ചു നിന്നതോടെ സ്പീക്കർ ഇടപെട്ടു. ഒടുവിൽ ചെറിയ ഭേദഗതികളോടെ പ്രമേയം പാസാക്കി.