പത്തനംതിട്ട: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ എത്തിക്കാനുള്ള പാർട്ടി തീരുമാനം, അദ്ദേഹത്തിന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷയിൽ കോടതി തീരുമാനം വരുംമുമ്പ്.
വിഷയത്തിൽ പരാതിക്കാരന് നോട്ടീസ് അയച്ച കോടതി, മറുപടിക്കായി കാത്തിരിക്കുകയാണ്. എന്നാൽ നിയമോപദേശത്തിന്റെ, അടിസ്ഥാനത്തിലുള്ള പോലീസ് നീക്കത്തെ പൊതുവേ അംഗീകരിക്കുന്നതാണ് കോടതികളുടെ രീതി എന്ന വിലയിരുത്തലിലാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നടപടി. പത്തനംതിട്ട ജില്ലാ ഗവ.പ്ലീഡർ എ.സി.ഈപ്പന്റെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ ഡിസംബർ എട്ടിന് തിരുവല്ല ഡിവൈ.എസ്.പി., തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകിയത്. കോടതിയിൽ ലഭിച്ച നോട്ടീസ് പ്രകാരം പരാതിക്കാരൻ മറ്റ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നില്ലെങ്കിൽ സജി ചെറിയാൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ അവസാനിച്ചേക്കാം.
ഭരണഘടനയെ വിമർശിച്ച് പ്രസംഗം നടത്തിയ സജി ചെറിയാന്റെ പേരിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകനായ കൊച്ചി സ്വദേശി ബൈജു നോയൽ തിരുവല്ല കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കീഴ്‌വായ്പൂര് പോലീസ് കേസെടുത്തിരുന്നത്.