മലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം എടുത്തു കളയണമെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മലപ്പുറത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നീറ്റ്’ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാണ് എന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാട് സ്വീകരിക്കാൻ കേരളവും തയാറാവണം. എന്തുകൊണ്ട് കേരളം ഇങ്ങനെ തീരുമാനിക്കാൻ തയാറാവുന്നില്ല. അഖിലേന്ത്യ പരീക്ഷ പരാജയമാണ്. നേരത്തെ തന്നെ വൻതോതിൽ അഴിമതിയും ആൾമാറാട്ടവും പേപ്പർ ചോർച്ചയും നടക്കുന്നുണ്ട്. ഇളം പ്രായത്തിൽ കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ നിർബന്ധിതരാക്കുകയാണ് നീറ്റ് പരീക്ഷ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസും സാമൂഹിക സാമ്പത്തിക സർവേയും നടത്താൻ സംസ്ഥാന സർക്കാർ തയാറാവണം. ഏതെങ്കിലും സമുദായത്തിന് കൂടുതലോ കുറവോ വീതിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താമല്ലോ. എൻ.എസ്.എസോ മറ്റേതെങ്കിലും സംഘടനകളോ ആവശ്യപ്പെടുന്നതിനനുസരിച്ച് ജാതി സെൻസസിൽ നിന്നും സാമ്പത്തിക സാമൂഹിക സർവേയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറരുത്.
എസ്.എസ്.എൽ.സി പരീക്ഷക്ക് എഴുത്തുപരീക്ഷയിൽ മിനിമം 30 മാർക്ക് വേണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗ്രേഡിങ് സിസ്റ്റം എടുത്തുകളഞ്ഞ് പഴയതുപോലെ മാർക്ക് സിസ്റ്റം തിരിച്ചുകൊണ്ടുവരണം. വിദേശ പഠനത്തിന് ‘റസിപ്രോക്കൽ റകഗ്നിഷൻ’ കൊണ്ടുവരികയും ആ യൂനിവാഴ്സിറ്റിയിൽ മാത്രം അംഗീകാരം നൽകുകയും വേണം. ഇതിനെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണം. ആർട്സ്, എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ വിദേശപഠനം പരിശോധിക്കേണ്ടതാണ്. പുതിയ കോളജുകൾ അനുവദിക്കരുതെന്നും ഫസൽ ഗഫൂർ ആവശ്യപ്പെട്ടു.
സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഏതെങ്കിലും സംഘടനകൾ സംസാരിക്കുകയാണെങ്കിൽ അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും. മതനേതൃത്വത്തിന് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. പുതിയ തലമുറയുടെ വോട്ട് പൊളിറ്റിക്കലാണ്. മതസംഘടനക്കല്ല, രാഷ്ട്രീയ സംഘടനക്കാണ് വോട്ടെന്ന് പൊന്നാനി തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. രാഷ്ട്രീയ നേതാക്കൾ വെറുതെ മതനേതാക്കളെ കാണാനൊന്നും പോയിട്ട് കാര്യമില്ല. ഇത് മനസ്സിലാക്കാൻ എല്ലാ പാർട്ടിക്കാരും തയാറാവണം -ഫസൽ ഗഫൂർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ എം.ഇ.എസ് ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, ട്രഷറർ ഒ.സി സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു.