തിരുവനന്തപുരം : 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140ഓളം ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി എന്നാണ് വിവരം. സമാന്തര സിനിമകൾ ഇത്തവണയും ഞെട്ടിക്കുമോ എന്നതാണ് ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.
സിനിമാമേഖലയെ സംബന്ധിച്ച് കൊവിഡില്‍ നേരിട്ട പ്രതിസന്ധി തുടര്‍ന്ന വര്‍ഷമായിരുന്നു 2021. കൊവിഡിന് ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിട്ട് അധികം മാസങ്ങള്‍ ആയിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന നിരവധി മാസങ്ങള്‍ കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു. അക്കാലയളവില്‍ ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചില മികച്ച ചിത്രങ്ങള്‍ എത്തുകയും അവ ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്‍ത വര്‍ഷമായിരുന്നു 2021.