തൃശൂർ> കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ പകപോക്കലിനെതിരായും ക്ഷേമ കേരള സംരക്ഷണത്തിനുമായും കെഎസ്‌കെടിയു നേതൃത്വത്തിൽ ഫെബ്രുവരി പത്തു മുതൽ ഇരുപതു വരെ സംസ്ഥാന വ്യാപകമായി ‘പാവങ്ങളുടെ പടയണി’ പരിപാടി സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ, ക്ഷേമനിധി അംഗങ്ങൾ, കോളനി നിവാസികൾ, ബഹുജനങ്ങൾ എന്നിവരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘പാവങ്ങളുടെ പടയണി’ പരിപാടിക്ക് മുന്നോടിയായി ജനുവരി 21മുതൽ 31വരെ സംസ്ഥാനത്തെ 25,414 ബൂത്തുകളിലും നൂറുകണക്കിനുപേരെ അണിനിരത്തി വിപുലമായ സദസ്സുകൾ നടത്തും. സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിച്ചാണ് മുന്നോട്ടുപോകുന്നത്. യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷനുകൾപോലും വിതരണം ചെയ്യാതിരുന്നത് മറച്ചുവച്ച് എൽഡിഎഫ് കാലത്ത് മൂന്നു മാസത്തെ കുടിശ്ശിക ഉണ്ടെന്നതരത്തിൽ പ്രചാരണം നടത്തി സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്ന യുഡിഎഫ്– ബിജെപി– മാധ്യമ കൂട്ടുകെട്ടിനെ ‘പാവങ്ങളുടെ പടയണി’യിൽ തുറന്നു കാണിക്കും.
സംസ്ഥാനത്ത് യുഡിഎഫ് കാലത്ത് കേവലം 33 ലക്ഷംപേർക്ക് ചുരുങ്ങിയ തുകയാണ് ക്ഷേമപെൻഷൻ നൽകിയിരുന്നത്. പിണറായി സർക്കാർ 64 ലക്ഷംപേർക്കാണ് പെൻഷൻ നൽകുന്നത്. ഉമ്മൻചാണ്ടി ഭരണത്തിൽ 9011 കോടി രൂപ മാത്രം ക്ഷേമപെൻഷൻ നൽകിയപ്പോൾ, പിണറായി ഭരണകാലത്ത് ഇതുവരെ 59,112 കോടി രൂപ പെൻഷൻ നൽകിക്കഴിഞ്ഞു. ഇതു മറച്ചുവച്ചാണ് ചിലർ കള്ള പ്രചാരണം നടത്തുന്നത്. കേരളത്തിലെ സാധാരണക്കാരന് നൽകുന്ന ക്ഷേമപെൻഷൻ തടയാനുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തുന്നത്. പെൻഷൻ നൽകാൻ വായ്‌പയെടുക്കുന്നത് തടഞ്ഞും, ക്ഷേമ പെൻഷന്റെ വിഹിതം നൽകാതെയും കേന്ദ്രം, സംസ്ഥാന സർക്കാരിനെ വീർപ്പുമുട്ടിക്കുകയാണ്. മാത്രമല്ല, സംസ്ഥാനത്തിന് അവകാശപ്പെട്ട 57,000 കോടിരൂപ നൽകാതെ തടഞ്ഞുവച്ചു. ഈ യാഥാർത്ഥ്യം ജനങ്ങളോട് തുറന്നുകാണിക്കാനാണ് ‘പാവങ്ങളുടെ പടയണി’ ഒരുക്കുന്നതെന്ന് ചന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ, ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വർഗീസ് കണ്ടംകുളത്തി, എ എസ് ദിനകരൻ എന്നിവരും പങ്കെടുത്തു.