തിരുവനന്തപുരം: കേന്ദ്രം നല്‍കിയ ലക്ഷ്യവും മറികടന്ന് 2548 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങി കേരളം. പി.എം.എഫ്.എം.ഇ (പിഎം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്‍റർപ്രൈസസ്) വഴി മാത്രമാണ് 2023 – 024 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വ്യവസായ യൂണിറ്റുകള്‍ കേരളത്തിൽ ആരംഭിച്ചത്. കേരളം വലിയ വ്യാവസായിക മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
പിഎംഎഫ്എംഇ സ്കീമിലൂടെ 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ 2500 യൂണിറ്റുകള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2548 സംരംഭങ്ങൾ കേരളത്തിൽ തുടങ്ങി. ഇന്ത്യയിലാകെ കേരളമടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കാൻ സാധിച്ചത്. ഇതോടെ രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് കേരളമെത്തിയെന്ന് മന്ത്രി രാജീവ് പറഞ്ഞു.
സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് പി.എം.എഫ്.എം.ഇ. 10 ലക്ഷം വരെ മൂലധന സബ്സിഡിയാണ് ഇതിന് ലഭിക്കുക. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ‘സംരംഭക വർഷം’ പദ്ധതിയിലൂടെ കേരളത്തിൽ രണ്ടര ലക്ഷത്തോളം സംരംഭങ്ങളാരംഭിച്ചു. എല്ലാ മേഖലയിലും വ്യാവസായിക മുന്നേറ്റം സാധ്യമാവുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിപ്പോൾ വന്ന കണക്കുകളെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം നൂതന സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങൾ കേരളത്തെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണെന്ന് മന്ത്രി പറഞ്ഞു.