ന്യൂഡൽഹി : കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ദേശീയ ഗിരിവർഗ കമ്മിഷൻ ഉടൻ സംസ്ഥാനത്തെ പ്രധാന ആദിവാസികേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന് രാജ്യസഭയിൽ ഗിരിവർഗക്ഷേമ മന്ത്രി അർജുൻ മുണ്ടയോട് സുരേഷ് ഗോപി എം.പി. അഭ്യർഥിച്ചു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ” എന്റെ കൈയിൽ ഇതിന്റെ റിപ്പോർട്ടുകളൊന്നുമില്ല. പക്ഷേ അടുത്തിടെ നടത്തിയ സന്ദർശനത്തിൽ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിൽ 27 യോഗങ്ങളിൽ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാർപ്പിടം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട്”, സുരേഷ് ഗോപി പറഞ്ഞു.
ഗിരിവർഗക്ഷേമ മന്ത്രാലയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നുദിവസം മുമ്പ് വയനാട്ടിൽ 140 കോളനികളെ ഉൾപ്പെടുത്തി 27 യോഗങ്ങൾ ചേർന്നപ്പോഴാണ് ആദിവാസികളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ആദിവാസിക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞെങ്കിലും അതൊന്നും കേരളത്തിൽ സമയത്തും കൃത്യമായും നടക്കുന്നില്ല. 12 വർഷംമുമ്പ് സംസ്ഥാനം പുനരധിവസിപ്പിച്ച ആദിവാസികൾ ഇപ്പോഴും വളരെ പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് മാതൃഭൂമി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ കർമപദ്ധതിപ്രകാരം തിരഞ്ഞെടുത്ത ഇടുക്കിയിലെ ഇടമലക്കുടിയിൽ വൈദ്യുതി ഇതുവരെ നൽകിയില്ല. തന്റെ എം.പി. ഫണ്ടിൽനിന്നുള്ള തുക കളക്ടർ അവിടെ ചെലവഴിക്കാൻ തയ്യാറായിട്ടില്ല. ഇതിന് സി.പി.എം. അംഗമായ ജോൺ ബ്രിട്ടാസ് മറുപടിനൽകുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.