കോഴിക്കോട്> ഏക സിവിൽ കോഡിന്റെ പേരിലുള്ള കേന്ദ്ര സർക്കാരിന്റെ ധ്രുവീകരണ അജൻഡക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ചത് കേരളവും ബിഹാറും മാത്രമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. കേരളവും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരുമാണ് നിശിതമായ എതിർപ്പ് രേഖപ്പെടുത്തിയതെന്ന് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ് പറഞ്ഞു. ബിജെപി ഇതരഭരണമുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ലെന്നും മുസ്ലിം സംഘടനാ നേതാക്കളുടെ സംഗമത്തിനായി കോഴിക്കോട് എത്തിയ സയ്യിദ് ഖാസിം പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തുന്നതാണ് തങ്ങളുടെ സമീപനം. ഇതിനായി വിവിധ മതനേതാക്കളുടെ യോഗം സംഘടിപ്പിച്ചു. വിലക്കയറ്റം, അഴിമതി തുടങ്ങിയവ മറച്ചുവയ്ക്കാനാണ് ധ്രുവീകരണ അജൻഡ. ഏക സിവിൽ കോഡ് വേണ്ട രീതിയിൽ ഫലിക്കാത്തതിനാലാണ് ജ്ഞാൻ വാപിയിലേക്ക് നീങ്ങിയത്. എക്സിക്യൂട്ടീവ് അംഗം ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, ബോർഡ് ക്ഷണിതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മുസ്ലിം സംഘടനകളുടെ യോഗത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം, സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഉമ്മർ ഫൈസി മുക്കം, നാസർ ഫൈസി കൂടത്തായി, മറ്റു സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.