ദില്ലി: കേരള സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ സെനറ്റ് അംഗം സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് കേരള സര്‍വ്വകലാശാല സെനറ്റ് അംഗം എസ് ജയരാമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അഭിഭാഷാകന്‍ പി.എസ് സുധീറാണ് ജയരാമനായി ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്‍റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ നാമ നിർദ്ദേശം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി. ഇതാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതതോടെ വൈസ് ചാന്‍സലറെ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അനന്തമായി നീളുമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറയുന്നു. സെനറ്റിന്‍റെ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്താല്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. സമയപരിധിക്കുള്ളിൽ നോമിനിയെ നല്‍കിയില്ലെങ്കില്‍ യു ജി സി ചട്ടവും കേരള സര്‍വകലാശാല നിയമവും അനുസരിച്ച് ചാന്‍സലര്‍ക്ക് നടപടിയെടുക്കാമെന്നും സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഈ നിര്‍ദേശങ്ങളാണ് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത്.