തിരുവനന്തപുരം > വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ സർഗശേഷിയും ശാസ്ത്ര ബോധവും വളർത്തുന്ന നൂതന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ ചാത്തേടം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൻ്റെ ശതാബ്‌ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴു വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിൽ പുതുതായി എത്തിയത്. സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ വിദ്യാഭ്യാസ രംഗത്ത് ഇനിയും ഒരുമിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാനാ വികസന മേഖലയിൽ കേരളം മാതൃക സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം രണ്ടാം ഘട്ടത്തിൽ നാല് കോടി രൂപ അനുവദിച്ച ഏക മണ്ഡലം പറവൂരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പഠന നിലവാരം ഉയർത്താനായി കേരളത്തിൽ ആദ്യമായി പദ്ധതി ആരംഭിച്ചത് പറവൂർ മണ്ഡലത്തിലാണെന്നും ഇനിയും വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു
കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. ഇ.ടി ടൈസൺ എംഎൽഎ സ്മാരക ഉദ്ഘാടനം നിർവഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ജൂബിലി സന്ദേശം നൽകി. പൗരോഹിത്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന . ഫാ. ജോർജ് പാടശ്ശേരി, ഫാ. വിൻസെന്റ് വടക്കേടത്ത്, നിരവധി ഭവന രഹിതർക്ക് വീടുകൾ പണിതു നൽകിയ ഫാ. വർഗ്ഗീസ് താണിയത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോട്ടപ്പുറം രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഷിജു കല്ലറക്കൽ, മാനേജർ ഫാ. ജോഷി കല്ലറക്കൽ, ഹെഡ് മാസ്റ്റർ സേവ്യർ പുതുശ്ശേരി, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിത സ്റ്റാലിൻ, പറവൂർ എ.ഇ.ഒ സി എസ് ജയദേവൻ, വാർഡ് അംഗങ്ങളായ സുമ സോമൻ, പി എൽ ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് തോമസ് ഷിബു, ജനറൽ കൺവീനർ ഫ്രാൻസിസ് വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു.