തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ഇപ്പോൾ ചർച്ച നടക്കുന്ന 1.72 കോടി രൂപയേക്കാൾ എത്രയോ വലിയ തുക വീണ ഇതിനകം കൈപ്പറ്റിയെന്നും ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്ക് മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീണയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റും ജി.എസ്.ടി രേഖകളും പുറത്തുവന്നാൽ കേരളം ഞെട്ടും. നേരിട്ട് ഇത്രയും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതല്ലാത്തത് എത്രയായിരിക്കുമെന്ന് ചിന്തിക്കണം. ധാര്‍മികത ഒന്ന് കൊണ്ട് മാത്രമാണ് വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നും കുഴല്‍നാടന്‍ പറഞ്ഞു. വീണ നികുതി അടച്ചോ എന്നതല്ല പ്രശ്നമെന്ന് ആവർത്തിച്ച അദ്ദേഹം, കരിമണൽ കമ്പനിയിൽനിന്ന് അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
‘കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സി.പി.എം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജി.എസ്.ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്?. തന്റെ ആരോപണം തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് പറയണം. 1.72 കോടി രൂപ മാത്രമാണ് വീണക്ക് ലഭിച്ചതെന്ന് സി.പി.എമ്മിന് പറയാനാകുമോയെന്നും കുഴൽനാടൻ ചോദിച്ചു.
താനുയർത്തുന്ന ചോദ്യങ്ങൾക്ക് സി.പി.എം മറുപടി നൽകുന്നില്ല. വീണയുടെ ജി.എസ്.ടി അക്കൗണ്ടിലേക്ക് മാത്രം കരിമണൽ കമ്പനിയിൽനിന്ന് കോടികൾ വന്നിട്ടുണ്ട്. വീണയുടെ അക്കൗണ്ട് വിവരങ്ങളും ജി.എസ്.ടി വിശദാംശങ്ങളും പരിശോധിച്ചാൽ സത്യമറിയാം. കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ്. ഏത് കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ള ചർച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സി.പി.എം ശ്രമിക്കുന്നത്. 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിച്ച കമ്പനിയെന്നാണ് കണക്കുകൾ പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തിൽ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത്?’ – കുഴൽനാടൻ ചോദിച്ചു.