തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സസ്പെൻഷനെതിരെയുള്ള സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ പ്രതിഷേധം. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓപിക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വിദഗ്ധ സമിതിയുടെ വ്യക്തമായ അന്വേഷണത്തിന് ശേഷമാകണം ഡോക്ടർമാർക്കെതിരെയുള്ള നടപടിയെന്ന് കെ ജി എം സി ടി എ ആവശ്യപ്പെടുന്നു. എടുത്തുചാടി കണ്ണിൽ പൊടിയിടുന്ന നടപടി അംഗീകരിക്കാനാകില്ല. സംവിധാനത്തിലെ പിഴവിന് ഡോക്ടർമാരെ പഴി ചാരിയിട്ട് കാര്യമില്ല. എന്ത് കുറ്റമാണ് ഡോക്ടർമാർ ചെയ്തതെന്ന് വ്യക്തമാക്കണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോൾ ലംഘനവും നടന്നിട്ടില്ല. വൃക്കയുള്ള പെട്ടിയുമെടുത്ത് പോയവര്ർ ട്രാൻസ്പ്ലാൻറ് ഐസിയുവിലേക്ക് പോകുന്നതിനു പകരം ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. 104 ശസ്ത്രക്രിയകൾ ഒരു പ്രശ്നവുമില്ലാതെ നടന്ന ഇവിടെ 105ാമത്തെ ശസ്ത്രക്രിയക്ക് ഇങ്ങനെ സംഭവിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. ശസ്ത്രക്രിയയിലെ പിഴവ് ആണെങ്കിൽ പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുമെന്നും കെ ജി എം സി ടി എ പ്രതിനിധികൾ പറയുന്നു.
വൃക്ക മാറ്റിവച്ച രോഗി മരിച്ചത് ശസ്ത്രക്രിയ വൈകിയതിനാലെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.ആശ തോമസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ യൂറോളജി , നെഫ്രോളജി വിഭാദം തലവന്മാരെ സസ്പെന്ർഡ് ചെയ്തിരുന്നു.