കോഴിക്കോട് : സുരക്ഷാ പിഴവാരോപിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യമന്ത്രിയിടപെട്ട് സൂപ്രണ്ട് ഡോ. കെ സി. രമേശനെ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുകയാണെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്. നടപടിക്കെതിരെ നാളെ ഒപി ബഹിഷ്കരിച്ചു സമരം ചെയ്യാനാണ് കെജിഎംഒഎ തീരുമാനം. കുതിരവട്ടം ആശുപത്രിയടക്കം കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ നാളെ കരിദിനം ആചരിക്കും. റിമാൻഡ് പ്രതിയുടെ സുരക്ഷ പോലീസിന്റെ ഉത്തരവാദിത്വമാണെന്നും പിഴവ് പോലീസിന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതായും കെജിഎംഒഎ വിശദീകരിച്ചു.
വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. ദിവസങ്ങളുടെ പരിശ്രമം ഇതിനെടുത്തെന്നാണ് പോലീസ് നിഗമനം. ഭിത്തിയുടെ ബലക്കുറവും അനുകൂലമായി.