കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ വീണ്ടും പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടർമാർ. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടർമാരോട് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ കെജിഎംഒഎ ആഹ്വാനം ചെയ്തു. സസ്പെൻഷൻ പുനഃപരിശോധിക്കും എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പിനെ തുടർന്ന് ഒപി ബഹിഷ്കരണം താൽക്കാലികമായി നിർത്തിയിരുന്നു. എന്നാലിത് പാലിക്കപെടാതായതോടെയാണ് പുതിയ നീക്കം.
കെജിഎംഒഎ യോഗ തീരുമാനങ്ങൾ
1. ചൊവ്വ ജൂൺ 14 ആം തിയതി കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. അന്നേ ദിവസം അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കും.
2. അംഗങ്ങൾ വഹിക്കുന്ന അധിക ചുമതലകളിൽ നിന്ന് അന്നേ ദിവസം മുതൽ ഒഴിവാകും.
3: NQAS, കായകൽപം തുടങ്ങിയ പരിപാടികളിൽ നിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടു നിൽക്കും.
4. അനുകൂല തീരുമാനം വൈകുന്ന പക്ഷം സംസ്ഥാന തലത്തേക്കും സമരം വ്യാപിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാന സമിതി മുൻപാകെ വയ്ക്കും.
കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്.