തിരുവനന്തപുരം> രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. കഴിഞ്ഞ നവംബര്‍ 26ന് നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചു. ചേര്‍ത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്. വൃക്ക ദാനം നല്‍കിയ അമ്മ ഡിസ്ചാര്‍ജായി. വൃക്ക സ്വീകരിച്ച യുവാവിനെ അടുത്തയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ടീം അംഗങ്ങളേയും രോഗിയെയും കണ്ടു.
അവയവമാറ്റ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസകരമായ ഒരു കാര്യമാണ് ജനറല്‍ ആശുപത്രിയിലെ ഈ അവയവമാറ്റ ശസ്ത്രക്രിയാ വിജയം. കാരണം കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നു എന്നുള്ളത് ആളുകളെ സംബന്ധിച്ച് രണ്ട് തരത്തിലാണ് സഹായമാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ധാരാളം പേരാണ് കാത്തിരിക്കുന്നത്. മാത്രമല്ല അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് ഭാരിച്ച ചെലവുമാണുള്ളത്. കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശാസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലാതെ വേഗത്തില്‍ അവയവമാറ്റം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷായുടെ ഏകോപനത്തില്‍ യൂറോളജി വിഭാഗം ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജി വിഭാഗം ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം ഡോ. മധു വി, എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. കൂടാതെ ഡോ. അഞ്ജു രാജ്, ഡോ. രേണു, ഡോ. മിഥുന്‍ ബേബി, സീനിയര്‍ നഴ്‌സിംഗ് ഓഫീസറായ ശ്യാമളയുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് ഓഫീസര്‍മാരായ ചിന്നൂരാജ്, പ്രീനുമോള്‍, മുഹമ്മദ് ഷഫീഖ്, ആശാ സി എന്‍, അനസ്‌തേഷ്യ ടെക്‌നീഷ്യന്മാരായ അശ്വതി, റാഷിദ്, മേഘന, അലീന, വിഷ്ണു പിപി, സുനിജ, അഖില്‍, ട്രാന്‍പ്ലാന്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ സൗമ്യ എന്നിവര്‍ അടങ്ങിയ ടീമും ഇതിന്റെ ഭാഗമായി.