കീവ് : കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തി. കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ആശ്വാസ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതിർത്തികളിലേക്ക് പോകാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വിദ്യാർത്ഥികൾ ട്രെയിനുകളിൽ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ എംബസി നിർദേശം നൽകി. അതേസമയം യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹർദീപ് സിംഗ് പൂരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരാണ് അയൽരാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. മന്ത്രിമാർ ‘ഓപ്പറേഷൻ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി. യുക്രൈൻ അതിർത്തിയിലെ ഷെഹിനിയിൽ നിന്നും ഇന്നുമുതൽ 10 ബസുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ക്രാക്കോവിക്, ബുഡോമിയർസ് എന്നിവിടങ്ങളിൽ നിന്നും ബസുകൾ പുറപ്പെടും. ബസുകളിൽ റിസർവ് ചെയ്യാൻ കൺട്രോൾ റൂമിൽ വിളിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം പൂർത്തിയാക്കുന്നതുവരെ ബസ് സർവീസ് ഉണ്ടാകുമെന്ന ആശ്വാസകരമായ വിവരവും എംബസി പങ്കുവെച്ചിട്ടുണ്ട്. 48225400000,+48795850877, +48792712511 എന്നീ നമ്പരുകളിൽ എംബസിയെ ബന്ധപ്പെടാം.