ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഒമ്പത് പേരെ കൊന്ന കടുവയെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്. അന്നേ ദിവസം രാവിലെ തന്നെ ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ കടുവയെ കാണുന്നയിടത്ത് വച്ച് തന്നെ വെടിവച്ച് കൊല്ലാനുള്ള അനുമതി നൽകിയിരുന്നു.
കടുവയെ പിടിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങളും നേരത്തെ നടത്തിയിരുന്നു. എന്നാൽ, ആ നരഭോജി കടുവയെ പിടിക്കാനായില്ല എന്ന് മാത്രമല്ല അത് വേറെയും ആളുകളെ കൊല്ലാൻ തുടങ്ങി. വ്യാഴാഴ്ച ബിഹാറിലെ വാൽമികി ടൈഗർ റിസർവിൽ ഒരാളെ ഇതേ കടുവ കൊന്നു. 27 ദിവസത്തിനുള്ളിൽ ഈ കടുവ കൊല്ലുന്ന എട്ടാമത്തെ ആളായിരുന്നു അദ്ദേഹം.
ദാമ്രോ ഗോവർദ്ധൻ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പോകുന്ന വഴിക്കാണ് സഞ്ജയ് മഹ്തോ എന്ന ഇയാളെ കടുവ ആക്രമിക്കുന്നത്. ഇയാളുടെ കഴുത്തിലെ എല്ല് കടുവയുടെ ആക്രമണത്തിൽ ഒടിഞ്ഞതായും കഴുത്തിൽ കടുവയുടെ കടിയേറ്റ പാടുകൾ കണ്ടെത്തിയതായും നാട്ടുകാർ പറഞ്ഞു.
അതിന് ഒരു ദിവസം മുമ്പ്, ബാഗി പഞ്ചായത്തിന് കീഴിലുള്ള സിഹ്നി ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന 12 വയസ്സുകാരിയെ ഇതേ കടുവ കൊന്നതായും സംശയിക്കുന്നു. മഹാരാഷ്ട്രയിലെ അവ്നി എന്ന കടുവയെ കൊന്ന പ്രശസ്തനായ വേട്ടക്കാരൻ നവാബ് ഷഫത് ഖാനെ തന്നെയാണ് ഈ നരഭോജി കടുവയെ പിടിക്കാനും നിയമിച്ചത്.
എന്നാൽ, പലതവണ ശ്രമിച്ചിട്ടും ഷഫത് ഖാന് കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. സപ്തംബർ 28 -ന് കടുവ കെണിയിൽ നിന്നും രക്ഷപ്പെട്ടു. തീർന്നില്ല, വേട്ടക്കാരന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും മുന്നിൽ വച്ച് കെണിയിൽ വച്ചിരുന്ന ആടിനെയും കൊണ്ടുപോയി.
‘ഈ നരഭോജി കടുവ വലിയ സൂത്രക്കാരനായിരുന്നു. ഓരോ രണ്ട്-മൂന്ന് മണിക്കൂർ കഴിയുമ്പോഴും അത് തന്റെ സ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഹരിഹർപുർ ഗ്രാമത്തിലാണ് ഞങ്ങൾ കെണി വച്ചത്. ഒരു ആടിനേയും അതിന്റെ അകത്ത് വച്ചിരുന്നു. എന്നാൽ, കടുവ വന്നില്ല. പിന്നെ, ഞങ്ങൾ അതിനെ കൂടിന്റെ പുറത്ത് കെട്ടി. എന്നാൽ, കടുവ വന്ന് അതിനെ അക്രമിച്ച് കൊല്ലുകയായിരുന്നു’ എന്ന് പടിഞ്ഞാറൻ ചമ്പാരനിലെ ഡിഎഫ്‍ഒ ഡോ. നീരജ് നാരായൺ പറഞ്ഞു.
ഈ കടുവയക്ക് നാലോ അഞ്ചോ വയസാണ് പ്രായം. എന്തുകൊണ്ടാണ് ഇതിങ്ങനെ തുടരെ ആളുകളെ അക്രമിക്കുന്നത് എന്നത് വ്യക്തമല്ല. ഈ കടുവയുടെ ദേഹത്തും ചില പാടുകളുണ്ട്. അത് മറ്റേതെങ്കിലും കടുവയുമായി ഏറ്റുമുട്ടിയതിന്റെ ഭാഗമായിരിക്കാം എന്ന് കരുതുന്നു.