കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പൊലീസ് പിടികൂടി. എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകത്തിലാണ് പത്തൊന്‍പതുകാരന് പിടിവീണത്. തമിഴ്നാട് അയൻകുറിഞ്ചിപ്പാടി, കടലൂർ പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ (19) ആണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ.പൗലോസ് ൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ തമിഴ് നാട്ടിൽ വെച്ച് സാഹസികമായി പിടികൂടിയത്. പ്രതിയെ ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ാം തിയ്യതി രാത്രിയിലാണ് പശ്ചിമ ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വിവരമറിഞ്ഞ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് ഐപിഎസിൻ്റെയും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെയും നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മഴയിൽ കുതിർന്ന മൃതദേഹവും പരിസരവും ഇൻസ്പെക്ടർ ബൈജു.കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല. അതിഥി തൊഴിലാളിയായതുകൊണ്ട് ആർക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല. ഈ ഘട്ടത്തിലാണ് മരണപ്പെട്ടയാളുടെ കീശയിലുണ്ടായിരുന്ന ഫോൺ റിങ് ചെയ്തത്. കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചപ്പോഴാണ് മരണപ്പെട്ടത് പശ്ചിമ ബംഗാൾ വർദ്ധമാൻ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാൾ പുഷ്പ ജംഗ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പോലീസിന് മനസ്സിലായത്.
മൃതദേഹം കണ്ട വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സിസിടിവി ക്യാമറകൾ കേടായി കിടക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവൻ സമയം ഇയർഫോൺ വെച്ച് പാട്ട് കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായത്. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളിൽ ടൗണിൽ നടക്കാനിറങ്ങാറുണ്ടെന്നും പത്ത്- പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും അവർ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ്കൂ ടുതൽ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. പോസ്റ്റ് മോർട്ടത്തില്‍ ഇയാൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി.
തുടർന്നാണ് പൊലീസ് തൊട്ടടുത്ത ബാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയിൽ നിന്നുകൊണ്ട് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. തൻ്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷർട്ട് ധരിച്ച ചെറുപ്പക്കാരനെ അയാൾ പരിചയപ്പെടുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചു. ഇവർ ഒരുമിച്ച് ബാറിൽ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോവുന്നതും അല്പം കഴിഞ്ഞ് വെളുത്ത ടീഷർട്ടു കാരൻ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. ഈ വെളുത്ത ടീഷർട്ടുകാരൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ രണ്ട് സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്.
സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ ഉൾപ്പെടുന്ന ടെക്നിക്കൽ ടീമിന് ലഭിച്ച പ്രതിയുടെ ഫോട്ടോ വെച്ച് ആക്ഷൻ ടീം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. കൊലപാതകം നടത്തിയശേഷം പ്രതി തമിഴ്നാട്ടിലെ കടലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഉടൻതന്നെ പ്രതിക്കായി സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻെറ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂർ ഭാഗങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ മറ്റൊരു കൊലപാതകക്കേസിൽ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്.
ചെന്നൈയിലെ റെഡ് ഹിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതാണ് കേസ്. പ്രതി താമസിക്കുന്ന ചേരിയിൽ പുലർച്ചെ നടത്തിയ സാഹസികമായ ഓപ്പറേഷനിൽ അയൻകുറിഞ്ചിപ്പാടി, കടലൂർ പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ പിടിയിലാകുന്നത്. പഴുതടച്ചുള്ള അന്വേഷണത്തിൽ പിടിയിലായ പ്രതി ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
പഴയ കൊലപാതക കേസ് നടത്തുന്നത് പണം ആവശ്യമായിവന്നപ്പോൾ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ നിന്നും പ്രതി അർജുൻ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിൻ്റെ കീശയിൽ പണം കണ്ടതിനെ തുടർന്ന് പുറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിൻ്റെ കയ്യിലുണ്ടായിരുന്നു. ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അർജുൻ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്. സാദിഖിൻ്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.