പ്യോങ്യാങ് : ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ലോകത്തിന് മുന്നില്‍ ആദ്യമായി സ്വന്തം മകളുമായി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ വിക്ഷേപണത്തിനാണ് കിം മകള്‍ക്കൊപ്പം എത്തിയത്.
ഉത്തരകൊറിയയുടെ വാര്‍ത്ത ഏജന്‍സിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) യാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രങ്ങളില്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അത് വിക്ഷേപിക്കുന്ന മൊബൈൽ ലോഞ്ച് പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കപ്പെട്ടതും, കിം ജോങ് ഉൻ ഒരു പെൺകുട്ടിയുമായി കൈകോർക്കുന്നതായി കാണുന്നുണ്ട്.
ഹ്വാസോങ്-17 എന്നാണ് പുതിയ മിസൈലിന്‍റെ പേര് എന്നാണ് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നത്. അത് പ്യോങ്യാങ് ഇന്റർനാഷണൽ എയർഫീൽഡിൽ നിന്നാണ് വെള്ളിയാഴ്ച വിക്ഷേപിച്ചത്. 999.2 കിലോമീറ്റർ (621 മൈൽ) ദൂരമാണ് ഈ മിസൈല്‍ പറന്നത്.
ഉത്തരകൊറിയയുടെ കഴിവ് വ്യക്തമായി തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണമെന്ന് കിം ജോങ് ഉൻ ഈ വിക്ഷേപണത്തിന് ശേഷം പ്രതികരിച്ചത് എന്നാണ് വിവരം. ശത്രുക്കൾ ഉത്തര കൊറിയയ്ക്കെതികെ ഭീഷണി ഉയർത്തുന്നത് തുടരുകയാണെങ്കിൽ. ആണവ ആയുധ വഴികള്‍ അടക്കം തേടുമെന്നും കിം പ്രസ്താവിച്ചു.
അതേ സമയം മിസൈല്‍ പരീക്ഷണത്തേക്കാള്‍ ലോകത്തെ ആകര്‍ഷിച്ചത് ഉത്തരകൊറിയന്‍ പരമോന്നത നേതാവിന്‍റെ മകള്‍ക്കൊപ്പമുള്ള പ്രത്യക്ഷപ്പെടലാണ്. കിം ജോങ് ഉന്നിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ ലോകത്തിന് ഇപ്പോഴും അറിയൂ. അതിനാല്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട ചിത്രത്തിലും അത് മകളാണെന്നത് വ്യക്തമാക്കുന്നില്ല. 2013-ല്‍ കൊറിയ സന്ദര്‍ശിച്ച മുൻ ബാസ്‌ക്കറ്റ്‌ബോൾ താരം ഡെന്നിസ് റോഡ്‌മാൻ ബ്രിട്ടന്‍റെ ഗാർഡിയന് നല്‍കിയ അഭിമുഖ പ്രകാരം കിമ്മിന് “ജു ഏ” എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
താൻ കിമ്മിന്‍റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചെന്നും കിം ജോങ് ഉന്നിനെ “നല്ല അച്ഛൻ” എന്നാണ് മകള്‍ വിളിച്ചിരുന്നതെന്നും ഡെന്നിസ് റോഡ്മാൻ അന്ന് പറഞ്ഞു. “ഞാൻ അവരുടെ കുഞ്ഞ് ജു എയെ പിടിച്ച് മിസ് റിയുമായും സംസാരിച്ചു,” ഡെന്നിസ് റോഡ്മാൻ പറഞ്ഞു.
2012 ജൂലൈ വരെ കിമ്മിന്റെയും റിയുടെയും വിവാഹം ലോകത്തിന് അജ്ഞാതമായിരുന്നു. എന്നാൽ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടെന്ന് ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) പറയുന്നത്.