കോഴിക്കോട്: വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെകെ ശൈലജ ടീച്ചർ. യുവതികളുടെ വിവാഹപ്രായം 18ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടത്. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണെന്നും കെക ശൈലജ ടീച്ചർ പറഞ്ഞു.
അതേസമയം വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടു വരാൻ ബിജെപിയിൽ ആലോചന. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. വിചാരിച്ച സ്വീകാര്യത ബില്ലിന് കിട്ടാത്ത സാഹചര്യത്തിലാണ് ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപി ആലോചിക്കുന്നത്. നാളെ പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ച് വിഷയം സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാനായിരുന്നു നേരത്തെ ബിജെപിയുടെ തീരുമാനം. എന്നാൽ ഇന്ന് ബിൽ അവതരിപ്പിക്കുന്നില്ലെങ്കിൽ സമ്മേളനം വെട്ടിച്ചുരുക്കി പാർലമെൻ്റ് ഇന്നോ നാളെയോ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യത.
ബില്ല നാളെ കൊണ്ടു വരുന്നതിൽ ചില രാഷ്ട്രീയപാർട്ടികളുമായി ബിജെപി അനൗദ്യോഗികമായി ആശയവിനിമയം നടത്തുന്നുണ്ട്. വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിക്കുന്ന രാഷ്ട്രീയ കക്ഷികളുമായിട്ടാണ് ചർച്ച നടക്കുക. അതേ സമയം രാജ്യസഭയിൽ ഹാജരാവാൻ കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പു നൽകി. വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് വരുന്ന സാഹചര്യത്തിലാണിത്. അതേ സമയം വിവാഹപ്രായം ഉയർത്താനുള്ള ബില്ലിൽ കോൺഗ്രസിൽ ഭിന്നത തുടരുകയാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ബില്ലിനെ ഗൂഢോദ്ദേശ്യമുള്ള ബില്ലെന്ന് വിശേഷിപ്പിച്ചപ്പോൾ ബില്ലിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് മുതിർന്ന നേതാവ് പി.ചിദംബരം സ്വീകരിച്ചത്.