കൊച്ചി : ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഈ മേഖലയിൽ ഗതാഗതം വഴിതിരിച്ചുവിടാൻ തീരുമാനം. പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗ് ആരംഭിക്കുന്നതിനാൽ ഈ മാസം 15 മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങൾ കെ പി വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശം. തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ജനതാ റോഡ് അല്ലെങ്കിൽ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തീരുന്നത് വരെ ഈ മേഖലയിൽ മേൽപ്പറഞ്ഞ രീതിയിൽ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് നിർമ്മാണത്തിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഒത്തുകൂടാനും കായൽ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൗകര്യങ്ങള്‍ ഉൾപ്പെടുത്തിയാകും 180 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പുതിയ പാലത്തിന്റെ നിർമ്മാണം. ചിലവന്നൂർ കനാലിന്റെ ഇരു ഭാഗങ്ങളിലുമുള്ള നടപ്പാത മുഖ്യ ആകർഷണമാകും. തണൽ മരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്കുകളും സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.